മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരങ്ങൾക്ക് അറസ്റ്റ് വാറന്റ്


ഷീബ വിജയൻ

വിവാദമായ വയനാട് മുട്ടിൽ മരംമുറി കേസിൽ പ്രതികളായ ആന്റോ അഗസ്റ്റിൻ, റോജി അഗസ്റ്റിൻ, ജോസുകുട്ടി അഗസ്റ്റിൻ എന്നിവർക്കെതിരെ ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതി വാറന്റ് പുറപ്പെടുവിച്ചു. അമ്പലമേട് പോലീസ് എടുത്ത കേസിലാണ് ഈ നടപടി. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹരജി തള്ളിയതിന് പിന്നാലെയാണ് കോടതി ഉത്തരവുണ്ടായത്.

വനംവകുപ്പിന്റെ പാസ് ഉണ്ടെന്ന് തെറ്റിധരിപ്പിച്ച് വയനാട്ടിൽ നിന്ന് അനധികൃതമായി മരം മുറിച്ചു കടത്തി എറണാകുളം അമ്പലമേടിലുള്ള ടിംബർ കമ്പനിക്ക് വിറ്റെന്നാണ് കേസ്. വിശ്വാസവഞ്ചന കാണിച്ച് മരം വിൽപ്പന നടത്തിയെന്ന് കാട്ടി കമ്പനി ഉടമയാണ് പോലീസിൽ പരാതി നൽകിയത്. കേസ് നിലനിൽക്കില്ലെന്ന് കാട്ടി പ്രതികൾ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും ആ ആവശ്യം തള്ളിയിരുന്നു. തുടർന്ന് കോടതിയിൽ നേരിട്ട് ഹാജരാകാത്തതിനെത്തുടർന്നാണ് ഇപ്പോൾ വാറന്റ് അയച്ചിരിക്കുന്നത്.

2020-ൽ റവന്യൂ വകുപ്പ് പുറത്തിറക്കിയ ഒരു ഉത്തരവ് മറയാക്കിയാണ് പ്രതികൾ കർഷകരുടെ ഭൂമിയിൽ നിന്ന് കോടികൾ വിലമതിക്കുന്ന ഈട്ടി, തേക്ക് മരങ്ങൾ മുറിച്ചു കടത്തിയത്. വ്യാജരേഖകൾ ചമച്ച് സർക്കാരിന്റെ ഉടമസ്ഥതയിലുള്ള സംരക്ഷിത മരങ്ങളാണ് സംഘം കടത്തിയത്. അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിൽ ഇന്ത്യയിലാദ്യമായി മരങ്ങളുടെ ഡി.എൻ.എ പരിശോധനാ ഫലങ്ങൾ ഉൾപ്പെടുത്തിയിരുന്നു. കേസിൽ പെട്ട് സാധാരണക്കാരായ കർഷകർ ബുദ്ധിമുട്ടിലായതും വലിയ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.

article-image

dfffddf

You might also like

  • Lulu Exchange
  • Straight Forward

Most Viewed