പി.എസ്.സി പരീക്ഷാ വിവാദം: മാർക്ക് വെളിപ്പെടുത്തണമെന്ന ഉത്തരവിന് ഹൈക്കോടതി സ്റ്റേ
ഷീബ വിജയൻ
സംസ്ഥാന ആസൂത്രണ ബോർഡ് പരീക്ഷാ വിവാദത്തിൽ പി.എസ്.സിക്ക് ഹൈക്കോടതിയിൽ നിന്ന് ആശ്വാസം. ഉദ്യോഗാർഥികളുടെ മാർക്കും സർട്ടിഫിക്കറ്റ് പകർപ്പും നൽകണമെന്ന വിവരവാകാശ കമ്മീഷന്റെ ഉത്തരവ് ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു. ഒന്നും രണ്ടും റാങ്ക് നേടിയ ഉദ്യോഗാർഥികളുടെ ഉത്തരക്കടലാസിന്റെ പകർപ്പും അഭിമുഖത്തിന്റെ മാർക്ക് വിവരങ്ങളും നൽകണമെന്ന് ആവശ്യപ്പെട്ട് മൂന്നാം റാങ്ക് നേടിയ തിരുവനന്തപുരം സ്വദേശിയാണ് വിവരാവകാശ കമ്മീഷനെ സമീപിച്ചത്.
വിവരങ്ങൾ നൽകാൻ വിവരാവകാശ കമ്മീഷൻ ഉത്തരവിടുകയും നൽകാൻ വൈകിയതോടെ ഇൻഫർമേഷൻ ഓഫീസർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു. ഇതിനെതിരെയാണ് പി.എസ്.സി ഹൈക്കോടതിയിൽ ഹർജി നൽകിയത്. ഹൈക്കോടതി സിംഗിൾ ബെഞ്ച് കമ്മീഷന്റെ ഉത്തരവ് സ്റ്റേ ചെയ്യുകയും പരാതിക്കാരന് നോട്ടീസ് അയക്കുകയും ചെയ്തു.
പരീക്ഷയുടെ അഭിമുഖങ്ങളും നടപടികളും പൂർണ്ണമായി പൂർത്തിയായിട്ടില്ലെന്നും, ഈ ഘട്ടത്തിൽ വിവരങ്ങൾ നൽകാനാവില്ലെന്നുമാണ് പി.എസ്.സി കോടതിയിൽ വാദിച്ചത്. കൂടാതെ ഉദ്യോഗാർഥികളുടെ വ്യക്തിഗത വിവരങ്ങൾ നൽകുന്നത് സ്വകാര്യതയുടെ ലംഘനമാണെന്നും പി.എസ്.സി ചൂണ്ടിക്കാട്ടി.
fdfddfds

