ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കില്ല; അഭിനയത്തിൽ തുടരാൻ താല്പര്യമെന്ന് നടൻ ജഗദീഷ്
ഷീബ വിജയൻ
കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം ഏറ്റെടുക്കാൻ താല്പര്യമില്ലെന്ന് പ്രശസ്ത നടൻ ജഗദീഷ് വ്യക്തമാക്കി. ഈ പദവി ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ടവർ തന്നെ സമീപിച്ചിരുന്നുവെന്നും എന്നാൽ നിലവിൽ അഭിനയരംഗത്ത് തന്നെ പൂർണ്ണമായി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. 24 മണിക്കൂറും കൃത്യമായി ശ്രദ്ധിക്കാൻ കഴിഞ്ഞാൽ മാത്രമേ അക്കാദമി ചെയർമാൻ പോലുള്ള വലിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാൻ സാധിക്കൂ. പദവിയിലേക്ക് തന്റെ പേര് പരിഗണിച്ചതിൽ വലിയ അഭിമാനമുണ്ട്. സിനിമയിൽ ഈ സ്ഥാനത്തിന് യോഗ്യരായ നിരവധി പേരുണ്ടെന്നും എന്നാൽ താൻ ആരുടെയും പേര് നിർദ്ദേശിക്കുന്നില്ലെന്നും ജഗദീഷ് കൂട്ടിച്ചേർത്തു. റസൂൽ പൂക്കുട്ടി സ്ഥാനമൊഴിഞ്ഞതിനെ തുടർന്ന് സലീം കുമാർ, ജഗദീഷ്, സംവിധായകൻ ദീപു കരുണാകരൻ, നടി പ്രിയങ്ക നായർ എന്നിവരുടെ പേരുകളാണ് ചെയർമാൻ സ്ഥാനത്തേക്ക് സംസ്ഥാന സർക്കാരിന്റെ സജീവ പരിഗണനയിലുള്ളത്.
ewrerwferw

