ദീപക്കിന്റെ ആത്മഹത്യ: ഷിംജിത പോലീസ് പിടിയിൽ കസ്റ്റഡിയിലെടുത്തത് മഫ്തിയിലെത്തിയ സംഘം
ശാരിക / കോഴിക്കോട്
ഗോവിന്ദപുരം സ്വദേശി യു. ദീപക്കിന്റെ (42) ആത്മഹത്യയുമായി ബന്ധപ്പെട്ട് പ്രതിയായ വടകര സ്വദേശി ഷിംജിതയെ പോലീസ് കസ്റ്റഡിയിലെടുത്തു. വടകരയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് പോലീസാണ് പിടികൂടിയത്. ഷിംജിതയെ കണ്ടെത്താനായി പോലീസ് നേരത്തെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതീവ രഹസ്യമായി മഫ്തിയിലെത്തിയ പോലീസ് സംഘം സ്വകാര്യ വാഹനത്തിലാണ് ഇവരെ കൊണ്ടുപോയത്. മെഡിക്കൽ കോളജ് സ്റ്റേഷനിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ കോടതിയിൽ ഹാജരാക്കും.
സ്വകാര്യ വസ്ത്രനിർമാണ സ്ഥാപനത്തിലെ സെയിൽസ് എക്സിക്യൂട്ടീവായിരുന്ന ദീപക്കിനെ കഴിഞ്ഞ ദിവസമാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലി ആവശ്യത്തിനായി കണ്ണൂർ പയ്യന്നൂരിലേക്ക് പോകുന്നതിനിടെ ബസ്സിൽ വെച്ച് ദീപക് തന്നെ മോശമായി സ്പർശിച്ചുവെന്ന് ആരോപിച്ച് ഷിംജിത സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ചിരുന്നു. ആദ്യ വീഡിയോ പിൻവലിച്ച ശേഷം വിശദീകരണവുമായി മറ്റൊരു വീഡിയോയും ഇവർ പോസ്റ്റ് ചെയ്തു. എന്നാൽ ഈ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നും വീഡിയോ വൈറലായതോടെ ദീപക് കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും ബന്ധുക്കൾ ആരോപിച്ചു.
മകന്റെ മരണത്തിന് കാരണം ഷിംജിതയുടെ വീഡിയോ ആണെന്ന് ചൂണ്ടിക്കാട്ടി ദീപക്കിന്റെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് പോലീസ് നടപടി. ആത്മഹത്യാ പ്രേരണാക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതിന് പിന്നാലെ ഷിംജിത ഒളിവിൽ പോകുകയായിരുന്നു. ദീപക്കിന്റെ മരണത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് വ്യാപകമായ പ്രതിഷേധം ഉയർന്നിരുന്നു.
ിുമിു


