പ്രവാസികളുടെ ഐഡി കാർഡ് കാലാവധി താമസരേഖയുമായി ബന്ധിപ്പിക്കാനുള്ള നിർദേശത്തിന് ബഹ്‌റൈൻ പാർലമെന്റിന്റെ അംഗീകാരം
പ്രദീപ് പുറവങ്കര / മനാമ
ബഹ്‌റൈനിലെ വിദേശികളുടെ ഐഡി കാർഡ് (സി.പി.ആർ) കാലാവധി അവരുടെ നിയമപരമായ താമസരേഖയുടെ (Residency) കാലാവധിയുമായി തുല്യമാക്കുന്ന നിർണ്ണായക നിയമഭേദഗതിക്ക് പാർലമെന്റ് അംഗീകാരം നൽകി. 2006-ലെ 46-ാം നമ്പർ നിയമത്തിലാണ് ഈ ഭേദഗതി വരുത്താൻ നിർദശിച്ചിരിക്കുന്നത്. ഒരു വിദേശിയുടെ ഐഡി കാർഡ് കാലാവധി യാതൊരു കാരണവശാലും അയാളുടെ റെസിഡൻസി പെർമിറ്റ് കാലാവധിക്ക് അപ്പുറമാകാൻ പാടില്ലെന്നാണ് നിർദേശത്തിൽ വ്യക്തമാക്കിയിരിക്കുന്നത്.
നേരത്തേ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി ഈ നിർദ്ദേശത്തെ തള്ളിക്കളയണമെന്ന് ശുപാർശ ചെയ്തിരുന്നെങ്കിലും, സഭയിൽ നടന്ന വോട്ടെടുപ്പിലൂടെ എംപിമാർ ഭേദഗതി പാസാക്കുകയായിരുന്നു. നിലവിൽ താമസരേഖ രണ്ട് വർഷത്തേക്കും ഐഡി കാർഡ് അഞ്ച് വർഷത്തേക്കുമാണ് ലഭിക്കുന്നത്. ഈ നിയമപരമായ വിടവ് നികത്തേണ്ടത് അത്യാവശ്യമാണെന്നാണ് എംപിമാർ വാദിച്ചത്. അതേസമയം ഈ നിർദേശം നിയമമായി മാറുകയാണെങ്കിൽ താമസരേഖയുടെ കാലാവധി കഴിഞ്ഞ ഒരാളുമായി ഇടപഴകുന്നവർ നിയമനടപടികൾ നേരിടേണ്ടി വരുമെന്നും ബാങ്കുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടപടികൾക്ക് ഉത്തരവാദികളാകുമെന്നും നീതിന്യായ മന്ത്രി നവാഫ് അൽ മആവ്ദ മുന്നറിയിപ്പ് നൽകി.
ഇതോടൊപ്പം കാർഡ് നിർമ്മാണത്തിനുള്ള യഥാർത്ഥ ചെലവ് ഈടാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഐഡി കാർഡ് ഫീസ് ഉടൻ പുനപ്പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിൽ ഒരു കാർഡിന്റെ നിർമ്മാണ ചെലവ് 14 ദിനാർ ആണെങ്കിലും 10 ദിനാർ മാത്രമാണ് ഉപഭോക്താവിൽ നിന്ന് ഈടാക്കുന്നത്. ഇതിലൂടെ ഓരോ കാർഡിനും 4 ദിനാർ വീതം സർക്കാരിന് നഷ്ടം സംഭവിക്കുന്നുണ്ടെന്നും 85 ലക്ഷം ദിനാറോളം വാർഷിക വരുമാന നഷ്ടം ഉണ്ടാകുന്നുണ്ടെന്നും എംപിമാർ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടർന്നാണ് മന്ത്രി വിശദീകരണം നൽകിയത്.
്േിേ്ി


