തൊണ്ടിമുതൽ തിരിമറി കേസ്: ആന്റണി രാജു കുറ്റക്കാരനെന്ന് ഉറപ്പിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി
ശാരിക l കേരളം
തൊണ്ടിമുതൽ തിരിമറിക്കേസിൽ മുൻ മന്ത്രി ആന്റണി രാജു കുറ്റക്കാരനാണെന്ന് ഉറപ്പിച്ചു പറയാൻ കഴിയില്ലെന്ന് കേരള ഹൈക്കോടതി നിരീക്ഷിച്ചു. ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് അദ്ദേഹം നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി ഈ സുപ്രധാന നിരീക്ഷണം നടത്തിയത്. കേസിൽ സാഹചര്യത്തെളിവുകൾ മാത്രമാണുള്ളതെന്നും പ്രതി കുറ്റക്കാരനാണെന്ന് സ്ഥാപിക്കാൻ നിലവിൽ സാധിക്കില്ലെന്നും കോടതി വിലയിരുത്തി.
തൊണ്ടിമുതലായ അടിവസ്ത്രം കോടതിയിൽ നിന്ന് വാങ്ങിയപ്പോഴും തിരികെ ഏൽപ്പിച്ചപ്പോഴും ആന്റണി രാജുവാണ് ഒപ്പിട്ടിരിക്കുന്നത് എന്നത് വസ്തുതയാണ്. എന്നാൽ, ആ വസ്ത്രത്തിൽ കൃത്രിമം നടത്തിയത് അദ്ദേഹം തന്നെയാണെന്ന് എങ്ങനെ തെളിയിക്കാൻ കഴിയുമെന്ന് കോടതി ചോദിച്ചു. കൃത്രിമം നടന്നത് എവിടെ വെച്ചാണെന്നോ ആരാണ് അത് ചെയ്തതെന്നോ കണ്ടെത്താൻ അന്വേഷണ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞിട്ടില്ലെന്ന പ്രതിഭാഗത്തിന്റെ വാദവും കോടതി ശ്രദ്ധയിൽപ്പെടുത്തി. ഈ സാഹചര്യത്തിൽ ആന്റണി രാജുവിനു മേൽ മാത്രം എങ്ങനെ കുറ്റം ആരോപിക്കാൻ കഴിയുമെന്ന ചോദ്യമാണ് കോടതി ഉയർത്തിയത്.
ഹൈക്കോടതി വിജിലൻസ് വിഭാഗം മുൻപ് നടത്തിയ അന്വേഷണ റിപ്പോർട്ടും കോടതി വിശദമായി പരിശോധിച്ചു. സംഭവസമയത്ത് ജൂനിയർ അഭിഭാഷകനായിരുന്ന ആന്റണി രാജുവിനെതിരെ മാത്രം എന്തുകൊണ്ട് നടപടിയുണ്ടായി എന്നും അന്നത്തെ സീനിയർ അഭിഭാഷകർക്കെതിരെ എന്തുകൊണ്ട് അന്വേഷണം നടന്നില്ലെന്നും കോടതി ആരാഞ്ഞു. കേസിൽ വ്യക്തമായ തെളിവുകളുടെ അഭാവം ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഈ നിരീക്ഷണങ്ങൾ.


