ഡോ. വന്ദന ദാസ് വധക്കേസ്: വിധി പ്രഖ്യാപനം മാർച്ച് 17-ന്
ഷീബ വിജയൻ
കൊല്ലം: നാടിനെ നടുക്കിയ ഡോ. വന്ദന ദാസ് വധക്കേസിൽ വിധി പ്രഖ്യാപനം മാർച്ച് 17-ന് നടക്കും. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത്. കേസിന്റെ അന്തിമ വാദങ്ങൾ ഇതിനകം പൂർത്തിയായിട്ടുണ്ട്.
2023 മെയ് 10-നായിരുന്നു കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വെച്ച് അധ്യാപകനായിരുന്ന സന്ദീപ്, ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. വന്ദന ദാസിനെ കത്രിക ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയത്. ഈ സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്കുൾപ്പെടെ അന്ന് പരിക്കേറ്റിരുന്നു.
കേസുമായി ബന്ധപ്പെട്ട് എഴുപതിലധികം സാക്ഷികളെ കോടതിയിൽ വിസ്തരിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള പ്രധാന തെളിവുകളും ഇരുപത്തിയേഴ് രേഖകളും ഇരുപത്തിമൂന്ന് തൊണ്ടി മുതലുകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ് ജി. പടിക്കലാണ് കേസിൽ വാദങ്ങൾ അവതരിപ്പിച്ചത്.
ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ പ്രതി അക്രമം അഴിച്ചുവിട്ടത് കേരളത്തിൽ വലിയ പ്രതിഷേധങ്ങൾക്കും ആരോഗ്യപ്രവർത്തകരുടെ സുരക്ഷ സംബന്ധിച്ച ഗൗരവകരമായ ചർച്ചകൾക്കും വഴിതെളിച്ചിരുന്നു.
dfsfdsfds


