പുതുപ്പള്ളി റബ്ബർ ബോർഡ് ക്വാർട്ടേഴ്സിൽ വൻ കവർച്ച; നൂറ് പവനോളം സ്വർണ്ണം നഷ്ടപ്പെട്ടതായി സൂചന
ഷീബ / കോട്ടയം
പുതുപ്പള്ളി റബ്ബർ ബോർഡ് ആസ്ഥാനത്തെ ക്വാർട്ടേഴ്സുകളിൽ നടന്ന കവർച്ചയിൽ വൻ തുകയും സ്വർണ്ണവും നഷ്ടമായി. തിങ്കളാഴ്ച രാത്രി 12 മണിക്ക് ശേഷമാണ് സംഭവം നടന്നതെന്ന് കരുതപ്പെടുന്നു. ഏകദേശം നൂറ് പവനോളം സ്വർണ്ണം നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്.
മൂന്ന് മുറികളിലാണ് മോഷണം നടന്നത്. ഒരു മുറി ഭാഗികമായി കുത്തിത്തുറന്ന നിലയിലുമാണ്. അവധി പ്രമാണിച്ച് താമസക്കാർ നാട്ടിലും മറ്റും പോയിരുന്ന സമയത്താണ് കവർച്ച നടന്നത്. ചൊവ്വാഴ്ച രാവിലെ ചിലർ തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ വാതിലുകൾ തകർത്ത നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ പണവും ആഭരണങ്ങളും നഷ്ടപ്പെട്ടതായി ബോധ്യപ്പെടുകയായിരുന്നു.
സംഭവസ്ഥലത്ത് ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും എത്തി പരിശോധന നടത്തി. താമസക്കാർ പൂർണ്ണമായും തിരിച്ചെത്തിയാൽ മാത്രമേ കൃത്യമായി എത്ര തുകയുടെ നഷ്ടമുണ്ടായി എന്ന് വ്യക്തമാകൂ എന്ന് കോട്ടയം ഈസ്റ്റ് പോലീസ് അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
aa

