കുട്ടികൾക്കായി 'ബസ്സി ബീ ന്യൂസ്' ഒരുക്കി കൊല്ലം പ്രവാസി അസോസിയേഷൻ
പ്രദീപ് പുറവങ്കര/മനാമ
കുട്ടികളിൽ മാധ്യമ പ്രവർത്തന അഭിരുചി വളർത്തുക എന്ന ലക്ഷ്യത്തോടെ കൊല്ലം പ്രവാസി അസോസിയേഷൻ ചിൽഡ്രൻസ് പാർലമെന്റ് പുതിയ സംരംഭത്തിന് തുടക്കം കുറിച്ചു. കുട്ടികൾ വാർത്താ അവതാരകരാകുന്ന 'ബസ്സി ബീ ന്യൂസ്' എന്ന ന്യൂസ് റൂമിന്റെ സംപ്രേഷണം ജനുവരി 26-ന് ആരംഭിക്കും. പദ്ധതിയുടെ ലോഗോ പ്രകാശനം ക്രിസ്റ്റൽ പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് കെ.ജി. ബാബുരാജ് നിർവഹിച്ചു.
കെ.പി.എ പ്രസിഡന്റ് അനോജ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ എന്നിവർ സംസാരിച്ചു. ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ പളനിസ്വാമി, ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഗോപിനാഥ് മേനോൻ എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. ചിൽഡ്രൻസ് വിംഗ് കൺവീനർ നിസാർ കൊല്ലം, കോ-ഓർഡിനേറ്റർമാരായ അനൂപ് തങ്കച്ചൻ, ജോസ് മങ്ങാട്, ചിൽഡ്രൻസ് പാർലമെന്റ് അംഗങ്ങളായ ജെസ്സിക പ്രിൻസ്, നിവേദ്യ വിനോദ് എന്നിവരും പങ്കെടുത്തു.
കെ.പി.എ ഭാരവാഹികളായ കോയിവിള മുഹമ്മദ്, അനിൽ കുമാർ, റെജീഷ് പട്ടാഴി, കൃഷ്ണകുമാർ തുടങ്ങിയവർ ലോഗോ പ്രകാശന ചടങ്ങിന് നേതൃത്വം നൽകി. പ്രവാസ ലോകത്തെ കുട്ടികളുടെ സർഗ്ഗാത്മകമായ കഴിവുകളെ പരിപോഷിപ്പിക്കാൻ ഇത്തരം പ്രവർത്തനങ്ങൾ സഹായിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
aa

