കലയുടെ പൂരം തൃശൂരിൽ: കലാകാരനെ മതത്തിന്റെ കണ്ണിലൂടെ കാണരുതെന്ന് മുഖ്യമന്ത്രി


ഷീബ വിജയൻ

തൃശ്ശൂർ: കൗമാര പ്രതിഭകളുടെ കലാമാമാങ്കത്തിന് തൃശൂരിൽ ആവേശകരമായ തുടക്കം. പൂക്കളുടെ പേരിട്ട 25 വേദികളിലായി അയ്യായിരത്തിലധികം പ്രതിഭകൾ മാറ്റുരയ്ക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. കലയെയും കലാകാരന്മാരെയും മതത്തിന്റെയോ ജാതിയുടെയോ കണ്ണിലൂടെ കാണുന്ന പ്രവണത ജനാധിപത്യ സമൂഹത്തിന് ചേർന്നതല്ലെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഓർമ്മിപ്പിച്ചു.

കല മനുഷ്യനെ ഒന്നാക്കുന്ന ശക്തിയാണെന്നും അതിനെ മതത്തിന്റെ കണ്ണിയിൽ ഒതുക്കാൻ ശ്രമിക്കുന്നവർക്ക് മുന്നിൽ കലയെ ചേർത്തുപിടിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കഥകളി സംഗീതജ്ഞൻ ഹൈദരാലിയുടെ അനുഭവങ്ങൾ ചൂണ്ടിക്കാട്ടിയ അദ്ദേഹം, പി. ഭാസ്കരനും വയലാറുമൊക്കെ മറ്റ് മതങ്ങളുടെ വികാരങ്ങൾ ഉൾക്കൊള്ളുന്ന പാട്ടുകൾ രചിച്ചത് കലയുടെ മതനിരപേക്ഷതയ്ക്ക് ഉദാഹരണമാണെന്നും കൂട്ടിച്ചേർത്തു. ക്രിസ്മസ് കരോളിന് നേരെയുണ്ടായ ആക്രമണങ്ങളും സിനിമയിലെ പേരുകളെ ചൊല്ലിയുള്ള വിവാദങ്ങളും പരാമർശിച്ച അദ്ദേഹം, കലയുടെ ധർമ്മം കേവലം ആനന്ദം മാത്രമല്ല, ജീവിതയാഥാർത്ഥ്യങ്ങളിലേക്കുള്ള ഉണർത്തൽ കൂടിയാണെന്ന് വ്യക്തമാക്കി.

മത്സരങ്ങളെ കുട്ടികൾ സ്പോർട്സ്മാൻ സ്പിരിറ്റോടെ കാണണമെന്നും രക്ഷിതാക്കൾ അമിതമായി വാശി പിടിക്കരുതെന്നും മുഖ്യമന്ത്രി ഉപദേശിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അധ്യക്ഷനായ ചടങ്ങിൽ മന്ത്രിമാരായ കെ. രാജൻ, ഡോ. ആർ. ബിന്ദു, കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി തുടങ്ങി പ്രമുഖർ പങ്കെടുത്തു. ബി.കെ. ഹരിനാരായണൻ ചിട്ടപ്പെടുത്തിയ സ്വാഗതഗാനത്തോടെയും കലാമണ്ഡലം വിദ്യാർത്ഥികളുടെ കലാപ്രകടനങ്ങളോടെയുമാണ് അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന കലോത്സവത്തിന് കൊടിയേറിയത്.

article-image

dsdsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed