നടിയെ ആക്രമിച്ച കേസ്; പൾസർ സുനിയുമായി നിരന്തരം ബന്ധപ്പെട്ട സ്ത്രീയെ സാക്ഷിയാക്കിയില്ലെന്ന് കോടതി
ഷീബ വിജയ൯
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി പൾസർ സുനിയുമായി ഫോണിൽ നിരന്തരം ബന്ധപ്പെട്ട സ്ത്രീയെ സാക്ഷിയാക്കിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യത്തിൽ പ്രോസിക്യൂഷൻ്റെ ഭാഗത്തുനിന്ന് വിശദീകരണമില്ലായിരുന്നുവെന്ന് കോടതി വിമർശിച്ചു. ഗൂഢാലോചനക്കേസിൽ നിർണായകമാകേണ്ടിയിരുന്ന തെളിവാണ് ഹാജരാക്കാതിരുന്നത്. ശ്രീലക്ഷ്മി എന്ന സ്ത്രീ സംഭവ ദിവസം സുനിയുമായി എന്തിന് നിരന്തരം ബന്ധപ്പെട്ടു, ഇരുവരും തമ്മിലെ ആശയവിനിമയം എന്തിനെക്കുറിച്ചായിരുന്നുവെന്നും കോടതി ചോദിച്ചു. സുനി പറഞ്ഞ മാഡം എന്നത് ആര് എന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സ്വകാര്യത മാനിച്ചാണ് ഡി.വി.ആർ. ഹാജരാക്കാതിരുന്നതെന്നാണ് പ്രോസിക്യൂഷൻ്റെ വിശദീകരണം. ശ്രീലക്ഷ്മിയുടെ ഫോൺ ലൊക്കേഷൻ വിവരങ്ങളോ കോൾ റെക്കോർഡുകളോ (സി.ഡി.ആർ.) കോടതിയിൽ ഹാജരാക്കിയില്ല.
കേസിൽ ബാലചന്ദ്ര കുമാറിൻ്റെ വെളിപ്പെടുത്തലിൽ കോടതി സംശയം പ്രകടിപ്പിച്ചു. ദിലീപുമായുള്ള എല്ലാ കൂടിക്കാഴ്ചകളും പൾസർ സുനി വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഡിസംബർ 26-ന് നടന്ന കൂടിക്കാഴ്ചയെക്കുറിച്ച് ഒരിടത്തും പൾസർ സുനി പറഞ്ഞിട്ടില്ല, ബാലചന്ദ്ര കുമാർ മാത്രമാണ് അത്തരമൊരു കാര്യം പറഞ്ഞതെന്നാണ് വിധിന്യായത്തിലെ നിരീക്ഷണം. ദിലീപിനെ കാണാൻ എത്തിയത് സിനിമയുടെ ചർച്ചയ്ക്ക് വേണ്ടിയാണ് എന്നാണ് ബാലചന്ദ്ര കുമാർ പറഞ്ഞത്. എന്നാൽ കോടതിയിൽ അത് ഗൃഹപ്രവേശത്തിന് എത്തി എന്നാക്കി എന്നും കോടതി ചൂണ്ടിക്കാട്ടി. അങ്ങനെയൊരു ഗൃഹപ്രവേശം നടന്നതിൻ്റെ ഒരു തെളിവും അന്വേഷണ സംഘത്തിന് ഹാജരാക്കാൻ സാധിച്ചിട്ടില്ല എന്നും വിധിയിലുണ്ട്. പൾസർ സുനിയും ദിലീപും തമ്മിൽ അതീവ രഹസ്യ സ്വഭാവത്തിലുള്ള ബന്ധമാണെന്ന് അന്വേഷണ സംഘം തന്നെ പറയുന്നു. അങ്ങനെ ഒരു സാഹചര്യത്തിൽ ബാലചന്ദ്ര കുമാറിൻ്റെ മുന്നിൽ എങ്ങനെയാണ് ദിലീപ് പൾസറിനൊപ്പം നിൽക്കുക എന്നും വിധിന്യായത്തിൽ പറയുന്നു.
adasasasasas
