ദിലീപിനെ തിരിച്ചെടുക്കുമെന്ന് ചലച്ചിത്ര സംഘടനകൾ; 'അമ്മ' അടിയന്തര യോഗം ചേർന്നു


ഷീബ വിജയ൯

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തനായ നടൻ ദിലീപിനെ തിരിച്ചെടുക്കാൻ ചലച്ചിത്ര സംഘടനകൾ ഒരുങ്ങുന്നു. ദിലീപ് അപേക്ഷ നൽകുകയാണെങ്കിൽ യോഗം ചേർന്ന് തിരിച്ചെടുക്കുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വ്യക്തമാക്കി. നേരത്തെ സസ്പെൻഡ് ചെയ്തിരുന്ന ദിലീപിന്, പിന്നീട് ഒരു സിനിമ നിർമ്മിച്ച സമയത്ത് താത്കാലിക മെമ്പർഷിപ്പ് നൽകി തിരിച്ചെടുക്കുകയുണ്ടായി. ഇനിയിപ്പോൾ അപേക്ഷ നൽകുകയാണെങ്കിൽ യോഗം ചേർന്ന് ദിലീപിനെ തിരിച്ചെടുക്കുമെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അറിയിച്ചത്.

പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ബി. രാകേഷും ഈ നിലപാട് ആവർത്തിച്ചു. കോടതി കുറ്റവിമുക്തനാക്കിയ സാഹചര്യത്തിൽ മറ്റൊന്ന് ആലോചിക്കാനില്ലെന്നും നടപടികൾ വേഗത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ദിലീപ് കുറ്റം ചെയ്തിട്ടില്ലെന്ന് നേരത്തെ തന്നെ ബോധ്യമുണ്ടായിരുന്നു. എല്ലാ സംഘടനകളും പുറത്താക്കിയ കൂട്ടത്തിലാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ആദ്യഘട്ടത്തിൽ നടപടി സ്വീകരിച്ചതെന്നും ബി. രാകേഷ് വ്യക്തമാക്കി.

ദിലീപിന്റെ ഫെഫ്കയിലെ സസ്പെൻഷൻ പുനഃപരിശോധിക്കുമെന്ന് ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ അറിയിച്ചു. സംഘടനയിൽ പ്രവർത്തിക്കുക എന്നത് അയാളുടെ മൗലികാവകാശമാണെന്നും സംഘടനയുടെ കമ്മിറ്റി ചർച്ച ചെയ്ത് അക്കാര്യം തീരുമാനിക്കട്ടെയെന്നും ബി. ഉണ്ണികൃഷ്ണൻ മാധ്യമങ്ങളോട് പറഞ്ഞു. "രണ്ടു മണിക്കൂറിനുള്ളിൽ ദിലീപിനെ പുറത്താക്കിയ സംഘടന ഫെഫ്കയാണ്. അന്ന് വിശേഷിച്ച് ഒരു കമ്മിറ്റിയും കൂടാതെ, ഫെഫ്കയുടെ ഭരണഘടന ജനറൽ സെക്രട്ടറിക്കു നൽകുന്ന അധികാരങ്ങളെ ആദ്യമായി ഉപയോഗപ്പെടുത്തിയ സന്ദർഭം അതാണ്. ട്രേഡ് യൂണിയൻ എന്ന നിലയിൽ ഞങ്ങൾ ദിലീപിനെ കുറ്റാരോപിതനായ സമയത്ത് അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. ഇന്ന് വിധിയിലൂടെ അദ്ദേഹം കുറ്റവിമുക്തനായി. ആ സാഹചര്യത്തിൽ തീർച്ചയായും അദ്ദേഹത്തിന്റെ അംഗത്വത്തെ സംബന്ധിച്ചുള്ള തുടർനടപടികൾ എന്തായിരിക്കണമെന്ന് ആലോചിക്കാൻ യൂണിയനോട് ആവശ്യപ്പെടുന്നുണ്ടെന്നും ബി. ഉണ്ണികൃഷ്ണൻ പറഞ്ഞു.

കേസിൽ ദിലീപിനെ വെറുതെ വിട്ടതിന് പിന്നാലെ താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ചേർന്നിരുന്നു. അമ്മ പ്രസിഡന്റ് ശ്വേത മേനോന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ദിലീപിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തിയതായാണ് വിവരം. കോടതി വിധിയിൽ വ്യക്തിപരമായി സന്തോഷമെന്നാണ് അമ്മ വൈസ് പ്രസിഡന്റും നടിയുമായ ലക്ഷ്മിപ്രിയ പ്രതികരിച്ചത്. ദിലീപ് കുറ്റക്കാരൻ അല്ല എന്ന് തന്നെയാണ് അന്നും ഇന്നും വിശ്വാസം. അതിനർത്ഥം ഇരയ്‌ക്കൊപ്പം അല്ല എന്നല്ല. രണ്ടുപേരും സഹപ്രവർത്തകരാണ്. വിധി അമ്മയിൽ ചർച്ച ചെയ്തിട്ടുണ്ട്. ഔദ്യോഗികമായി പ്രതികരണം ഉടൻ ഉണ്ടാകുമെന്നും ലക്ഷ്മി പ്രിയ പറഞ്ഞു.

article-image

fghgh

You might also like

  • Straight Forward

Most Viewed