രാഹുലിന് തിരിച്ചടി; രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിൽ അറസ്റ്റ് തടയാതെ കോടതി
ഷീബ വിജയ൯
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിൽ അറസ്റ്റ് തടയാൻ അതിവേഗ കോടതി വിസമ്മതിച്ചു. ഈ കേസിൽ ജാമ്യാപേക്ഷ തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ലൈംഗിക അതിക്രമ പരാതികളിൽ കാലതാമസം ബാധകമല്ലെന്ന് കോടതി നിരീക്ഷിച്ചു. സംഭവത്തിൽ തിങ്കളാഴ്ച റിപ്പോർട്ട് നൽകാൻ പോലീസിന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന് ജാമ്യാപേക്ഷയിൽ രാഹുൽ മാങ്കൂട്ടത്തിൽ വാദിച്ചു. കേസിൽ ഇരയോ മൊഴിയോ ഇല്ലെന്നും കെ.പി.സി.സി. പ്രസിഡന്റിന് വന്ന ഇമെയിലിന്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എന്നാൽ കേസിനാസ്പദമായ സംഭവം നടന്നിട്ടേയില്ലായെന്നും രാഹുൽ വ്യക്തമാക്കി. തിരുവനന്തപുരം സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്. ഇത് രാഷ്ട്രീയ പ്രാധാന്യമുള്ള കേസാണെന്നും, പരാതിക്കാരിയുടെ പേരോ സംഭവ സ്ഥലമോ വ്യക്തമല്ലെന്നും രാഹുലിന്റെ അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. നേരത്തെ രജിസ്റ്റർ ചെയ്ത ആദ്യ കേസിൽ ഹൈക്കോടതി അറസ്റ്റ് തടഞ്ഞിട്ടുണ്ടെന്ന കാര്യവും രാഹുലിന്റെ അഭിഭാഷകൻ വാദിച്ചു.
പ്രോസിക്യൂഷൻ ഈ വാദങ്ങളെ എതിർത്തു. രാഹുലിന്റെ സ്വന്തം പാർട്ടിയുടെ അധ്യക്ഷനാണ് പരാതി ഡി.ജി.പിക്ക് കൈമാറിയതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ബംഗളൂരു സ്വദേശിനി നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്തത്. ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ക്രൈംബ്രാഞ്ച് ആണ് എഫ്.ഐ.ആർ. ഇട്ടിരിക്കുന്നത്. അതിജീവിതയുടെ കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം തന്നെയാണ് രണ്ടാമത്തെ കേസും പരിഗണിക്കുന്നത്. പ്രോസിക്യൂഷന്റെ ആവശ്യം പരിഗണിച്ച് കേസ് തിങ്കളാഴ്ച പരിഗണിക്കാൻ മാറ്റി.
saasddasads
