ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിനെതിരേ ഹർജി; പിന്നിൽ ഐ.എ.എസുകാരൻ
ഷീബ വിജയ൯
കൊല്ലം: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റായും മെംബറായും നിയമിക്കപ്പെട്ട റിട്ട. ഐ.എ.എസ്. ഉദ്യോഗസ്ഥൻ കെ. ജയകുമാറിനെ അയോഗ്യൻ എന്നു പ്രഖ്യാപിക്കാനുള്ള ഹർജി തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ കോടതി ഫയലിൽ സ്വീകരിച്ചു. ഐ.എ.എസ്. ഉദ്യോഗസ്ഥനായ ഡോ. ബി. അശോക് ഫയൽ ചെയ്ത കേസാണിത്. തിരുവിതാംകൂർ- കൊച്ചി ഹിന്ദുമത സ്ഥാപനങ്ങൾ നിയമ പ്രകാരം സർക്കാരിന്‍റെ ശമ്പളം പറ്റുന്ന പദവി വഹിക്കുന്നയാൾ ദേവസ്വം ബോർഡ് അംഗമോ പ്രസിഡന്‍റോ ആകാൻ അയോഗ്യനാണെന്ന് വ്യവസ്ഥ ചെയ്യുന്ന നിയമത്തിലെ ഏഴ് (മൂന്ന്)വകുപ്പ് പ്രകാരം ജയകുമാറിനെ അയോഗ്യനായി പ്രഖ്യാപിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കെ. ജയകുമാർ നിലവിൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്‍റ് ഇൻ ഗവൺമെന്‍റ് (ഐ.എം.ജി.) എന്ന സ്ഥാപനത്തിൽ ഡയറക്ടർ ആയി കേരള സർക്കാർ നിയമിച്ച വ്യക്തിയാണ്. ദേവസ്വം ബോർഡ് അംഗമായും പ്രസിഡന്‍റായും ചുമതല ഏറ്റെടുത്തപ്പോഴും ഇപ്പോഴും അദ്ദേഹം സർക്കാർ പദവി വഹിച്ചു ശമ്പളം പറ്റുന്നുണ്ട് എന്ന തെളിവുകൾ നിരത്തിയാണ് ഹർജി ഫയൽ ചെയ്തത്.
ഇത് ദേവസ്വം ബോർഡിന്‍റെ സ്വതന്ത്ര സ്വയം ഭരണാവകാശം ഇല്ലാതാക്കുന്ന നിയമനമാണെന്നും ഹർജിയിൽ പറയുന്നു. അതേസമയം, താൻ രണ്ടു പദവിയിൽനിന്നു വേതനം കൈപ്പറ്റുന്നില്ലെന്നും ഐ.എം.ജി. ചുമതല പകരക്കാരൻ വരുന്നതുവരെ മാത്രമേ വഹിക്കുകയുള്ളൂവെന്നും ആ പദവി ഉടൻ ഒഴിയുമെന്നും കെ. ജയകുമാർ മാധ്യമങ്ങളോടു പറഞ്ഞു. ഈ കാര്യം കോടതിയെ ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
dsaadsas
