ഇത് തന്ത്രപരമായ നീക്കം; പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതിൽ വിശദീകരണവുമായി മന്ത്രി വി ശിവൻകുട്ടി


ശാരിക

തിരുവനന്തപുരം l പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെച്ചതിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി രംഗത്ത്. കേരളത്തിലെ കുട്ടികള്‍ക്ക് അവകാശപ്പെട്ട കോടിക്കണക്കിന് രൂപയുടെ കേന്ദ്രഫണ്ട് തടഞ്ഞുവെച്ചുകൊണ്ട് കേരളത്തെ സാമ്പത്തികമായി ഞെരുക്കാനുളള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തെ മറികടക്കാനുളള തന്ത്രപരമായ നീക്കമാണിതെന്ന് വി ശിവൻകുട്ടി അവകാശപ്പെട്ടു. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ രംഗത്തെ തകര്‍ക്കാനുളള ഒരു നീക്കവും സര്‍ക്കാര്‍ അനുവദിക്കില്ലെന്നും കുട്ടികള്‍ക്ക് അവകാശപ്പെട്ട ഒരു രൂപ പോലും നഷ്ടപ്പെടാനും അനുവദിക്കില്ലെന്നും വി ശിവൻകുട്ടി വ്യക്തമാക്കി.

'പിഎം ശ്രീയില്‍ ഒപ്പിടാത്തതിന്റെ പേരില്‍ കേരളത്തിന് അവകാശപ്പെട്ട ഫണ്ട് കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. 2023-24 വര്‍ഷം കേരളത്തിന് നഷ്ടമായത് 188 കോടി 88 ലക്ഷം രൂപയാണ്. 2024-25 വര്‍ഷത്തെ കുടിശ്ശിക 513 കോടി 54 ലക്ഷം രൂപയാണ്. 2025-26 വര്‍ഷം നമുക്ക് ലഭിക്കേണ്ടിയിരുന്ന 456 കോടി ഒരു ലക്ഷം രൂപയും തടഞ്ഞുവെച്ചു. ആകെ 1158 കോടി 13 ലക്ഷം രൂപയാണ് നമുക്ക് നഷ്ടമായത്. പിഎം ശ്രീ പദ്ധതി 2027 മാര്‍ച്ചില്‍ അവസാനിക്കും. ഇപ്പോള്‍ ഒപ്പിടുന്നതിലൂടെ സമഗ്ര ശിക്ഷയുടെ കുടിശ്ശികയും രണ്ടുവര്‍ഷത്തെ പിഎം ശ്രീ ഫണ്ടും ഉള്‍പ്പെടെ 1476 കോടി 13 ലക്ഷം രൂപയാണ് സംസ്ഥാനത്തിന് ലഭിക്കാന്‍ പോകുന്നത്. നിലവില്‍ കേന്ദ്രം സമഗ്രശിക്ഷയ്ക്ക് നല്‍കാമെന്ന് ധാരണയായത് 971 കോടി രൂപയാണ്':വി ശിവൻകുട്ടി പറഞ്ഞു.

പൊതുവിദ്യാലയങ്ങളിലെ നാല്‍പ്പത് ലക്ഷത്തോളം വരുന്ന പാര്‍ശ്വവല്‍കൃത വിഭാഗങ്ങളില്‍നിന്നുളള കുട്ടികളെയാണ് ഇത് നേരിട്ട് ബാധിക്കുന്നത്. അഞ്ച് ലക്ഷത്തിലധികം പട്ടിക വര്‍ഗ വിഭാഗത്തിൽ നിന്നുള്ള കുട്ടികളെയും ഒരു ലക്ഷത്തിലധികം ഭിന്നശേഷിയുളള കുട്ടികളെയും ഈ ഫണ്ടിന്റെ അഭാവം ബാധിക്കുന്നുണ്ട്. നമ്മുടെ കുട്ടികളുടെ ഭാവി പന്താടിക്കൊണ്ട് ഒരു രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങാന്‍ കേരളം തയ്യാറല്ല. ഈ ഫണ്ട് ഏതെങ്കിലും പാര്‍ട്ടിയുടെ ഔദാര്യവുമല്ല. മറിച്ച് കേരളത്തിലെ ജനങ്ങളുടെ നികുതിയില്‍ നിന്നുളള നമ്മുടെ കുട്ടികളുടെ അവകാശമാണ്. അത് നേടിയെടുക്കുക എന്നതാണ് ജനകീയ സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്നും മന്ത്രി പറഞ്ഞു.

പിഎം ശ്രീയില്‍ ഒപ്പിട്ടതോടെ കേരളം ദേശീയ വിദ്യാഭ്യാസ നയം 2020 പൂര്‍ണമായും അംഗീകരിച്ചു എന്ന വാദം സാങ്കേതികം മാത്രമാണെന്നും മന്ത്രി പറഞ്ഞു. 2022 ഒക്ടോബര്‍ മുതല്‍ സമഗ്ര ശിക്ഷാ പദ്ധതിയെ എന്‍ഇപി നടപ്പാക്കാനുളള ഉപാധിയായി കേന്ദ്രം പ്രഖ്യാപിച്ചിരുന്നു എന്നാൽ, 2023 വരെ ഫണ്ട് വാങ്ങുമ്പോഴും കേരളം സംസ്ഥാന താല്‍പര്യങ്ങള്‍ക്കും വിദ്യാഭ്യാസ മൂല്യങ്ങള്‍ക്കും അനുസരിച്ചാണ് പദ്ധതികള്‍ തയ്യാറാക്കിയതെന്നും അതുതന്നെയാണ് ഇപ്പോഴും തുടരുന്നതെന്നും മന്ത്രി പറഞ്ഞു.

'ഉന്നതവിദ്യാഭ്യാസ വകുപ്പ് പിഎം ഉഷ പദ്ധതിയില്‍ ഒപ്പിട്ടതും എന്‍ഇപി നടപ്പാക്കാമെന്ന വ്യവസ്ഥയിലാണ്. പക്ഷെ നടപ്പാക്കുന്നത് നമ്മുടെ കാഴ്ച്ചപ്പാടാണ്. കേന്ദ്രനയം 30 ശതമാനം പോലും നടപ്പാക്കിയിട്ടില്ല. പാഠ്യപദ്ധതിയുടെ വര്‍ഗീയവത്കരണത്തിന് നിന്നുകൊടുക്കാന്‍ സംസ്ഥാനം തയ്യാറായിട്ടില്ല. കേരളത്തിന്റെ പാഠ്യപദ്ധതി തീരുമാനിക്കുന്നത് കേരളം തന്നെയാണ്. എന്‍ഇപി വന്നതിന് ശേഷം ഒന്നുമുതല്‍ പത്തുവരെ ക്ലാസുകളിലെ പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും പരിഷ്‌കരിച്ച ഏക സംസ്ഥാനം കേരളമാണ്. മതനിരപേക്ഷത, ശാസ്ത്രചിന്ത, ഭരണഘടനാമൂല്യങ്ങള്‍ എന്നിവയില്‍ ഊന്നിയ പാഠ്യപദ്ധതിയാണ് നാം പരിഷ്‌കരിച്ച് നടപ്പാക്കിയത്. എന്‍സിഇആര്‍ടി വെട്ടിമാറ്റിയ ഗാന്ധിവധവും മുഗള്‍ ചരിത്രവുമുള്‍പ്പെടെ അഡീഷണല്‍ പാഠപുസ്തകങ്ങളാക്കി കുട്ടികളെ പഠിപ്പിച്ച് പരീക്ഷയെഴുതിച്ച സംസ്ഥാനമാണ് കേരളം. അതുതന്നെയാകും കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തുടരുക': വി ശിവൻകുട്ടി വ്യക്തമാക്കി.

ഫെഡറല്‍ തത്വങ്ങള്‍ അടിയറവുവെച്ചു എന്ന വാദം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. 'ഫെഡറല്‍ തത്വങ്ങള്‍ക്ക് വേണ്ടിയുളള പോരാട്ടത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. ഡല്‍ഹിയില്‍ ചേര്‍ന്ന എന്‍സിഇആര്‍ടി ജനറല്‍ ബോഡി യോഗത്തില്‍ 20 സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരുണ്ടായിരുന്നു. കേന്ദ്രത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ സംസാരിച്ചത് കേരളം മാത്രമാണ്. ഫണ്ട് തടഞ്ഞുവെച്ച് സംസ്ഥാനങ്ങളെ ശ്വാസംമുട്ടിക്കുന്നത് കേന്ദ്രമാണ്. അതിനെ അതിജീവിച്ച് നമ്മുടെ അവകാശങ്ങള്‍ നേടിയെടുക്കുകയാണ് കേരളം ചെയ്യുന്നത്. പിഎം എന്ന് പദ്ധതിയില്‍ കണ്ടാല്‍ ഉടന്‍ തന്നെ കോടിക്കണക്കിന് രൂപ വരുന്ന ഫണ്ട് വേണ്ടെന്ന് വയ്ക്കാന്‍ പറ്റില്ല. 82 കേന്ദ്ര പദ്ധതികളില്‍ 17 എണ്ണം പിഎം എന്ന് തുടങ്ങുന്നവയാണ്. ഇതൊക്കെ സാങ്കേതികം മാത്രമാണ്. അതിന്റെ പേരില്‍ കുട്ടികളുടെ അവകാശം നിഷേധിക്കുന്നത് തെറ്റാണ്. ആര്‍എസ്എസ് അജണ്ടകള്‍ വിദ്യാഭ്യാസത്തിലൂടെ നടപ്പാക്കാനുളള കേന്ദ്രനീക്കത്തിനെതിരായ പോരാട്ടം കേരളം തുടരുക തന്നെ ചെയ്യും': വി ശിവൻകുട്ടി പറഞ്ഞു.

article-image

zdfsfs

You might also like

  • Straight Forward

Most Viewed