രാഹുലിന്‍റെ സസ്പെൻഷൻ സ്ത്രീകളോടുള്ള കോൺഗ്രസിന്‍റെ ആദരവ്: വി.ഡി. സതീശന്‍

ഷീബ വിജയൻ
പത്തനംതിട്ട I രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ പാർട്ടി പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്ത നടപടി സ്ത്രീകളോടുള്ള കോൺഗ്രസിന്‍റെ ബഹുമാനവും ആദരവുമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പാര്‍ട്ടിയിലെ മുഴുവന്‍ നേതാക്കളുമായും ആലോചിച്ചു. തുടര്‍ന്നാണ് പാര്‍ട്ടിയില്‍ നിന്നും പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍ നിന്നും സസ്‌പെൻഡ് ചെയ്ത് മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചത്. പുറത്താക്കുകയല്ല മാറ്റിനിര്‍ത്തുകയാണ് ചെയ്തിട്ടുള്ളത്. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കുന്ന കാര്യം നടപടിക്രമങ്ങള്‍ പരിശോധിച്ച് തീരുമാനമെടുക്കും. രാഹുല്‍ രാജിവയ്ക്കുമെന്ന് ആരെങ്കിലും നേരത്തെ പറഞ്ഞിരുന്നോയെന്നും സതീശന്‍ മാധ്യമങ്ങളോട് ചോദിച്ചു. ഏറ്റവും പ്രധാനപ്പെട്ട ആൾക്കെതിരേയാണ് നടപടിയെടുത്തത്. ഞങ്ങൾക്ക് ഏറ്റവും അടുപ്പമുള്ള ഏറ്റവും ബന്ധമുള്ള പാർട്ടിയുടെ മുൻനിരയിൽ നിൽക്കുന്ന ഒരാളെ രക്ഷപ്പെടുത്താൻ ഒരു ശ്രമവും നടത്താതെ ഒരു പരാതിയും ഇല്ലാതെ സ്ത്രീയുടെ അഭിമാനം സംരക്ഷിക്കാനാണ് കോൺഗ്രസ് ഈ തീരുമാനം എടുത്തത്. കേരളത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ അത് അടയാളപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തില്‍ ഇത്തരമൊരു സംഭവമുണ്ടായിട്ട് ആദ്യമായിട്ടാണ് ഒരു രാഷ്ട്രീയപാര്‍ട്ടി ഇത്രയും നിശ്ചയദാര്‍ഢ്യത്തോടും കാര്‍ക്കശ്യത്തോടും കൂടി ഒരു തീരുമാനമെടുക്കുന്നത്. ഈ നടപടി സ്ത്രീകളോടുള്ള കോൺഗ്രസിന്‍റെ ബഹുമാനവും ആദരവുമാണ്. ഒരു പരാതിയും ഞങ്ങളുടെ കയ്യിലില്ല. ഒരു തെളിവും പാര്‍ട്ടിയുടെ പക്കലില്ല. എന്നിട്ടും 24 മണിക്കൂറിനകം അദ്ദേഹം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്‍റ് പദം രാജിവെച്ചു. പാര്‍ട്ടി ആ വിഷയം ഗൗരവമായി പരിശോധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ധാര്‍മികതയെക്കുറിച്ച് പറയാന്‍ സിപിഎമ്മിന് ഒരു അവകാശവുമില്ല. ഇപ്പോള്‍ ആരോപണം ഉന്നയിക്കുന്ന ആളുകളുടെ പാര്‍ട്ടിയിലുള്ളവരുടെ പല കേസുകളിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുപോലും അവിടെത്തന്നെ ഇരിക്കുകയല്ലേ. മുഖ്യമന്ത്രിയുടെ ഓഫീസ് തൊട്ട് ഇത്തരക്കാര്‍ ഇരിക്കുന്നില്ലേ. എന്നോട് ചോദിക്കുന്നതുപോലെ മുഖ്യമന്ത്രി പിണറായി വിജയനോട് ചോദിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ധൈര്യപ്പെടുമോയെന്നും സതീശന്‍ ചോദിച്ചു.
DSADASSAD