രാഹുലിനെതിരായ ആരോപണത്തിന് പിന്നാലെ സൈബർ ആക്രമണം; മുഖ്യമന്ത്രിക്ക് പരാതി നൽകി ഹണി ഭാസ്കരൻ

ഷീബ വിജയൻ
തിരുവനന്തപുരം I അശ്ലീല സന്ദേശത്തെ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം വന്നതിനു പിന്നാലെ തനിക്കെതിരെ വ്യാപകമായ സൈബർ ആക്രമണം ഉണ്ടാവുന്നതായി ഹണി ഭാസ്കരൻ. സൈബർ ആക്രമണത്തിൽ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയെന്നും അവർ അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഹണി ഭാസ്കരന്റെ പ്രതികരണം. ഏറ്റവും ഭീകരമായ സൈബർ ആക്രമണമാണ് നേരിടുന്നതെന്നും ഇതുകൊണ്ടൊന്നും തന്നെ തകർക്കാനാവില്ലെന്നും ഹണി ഭാസ്കരൻ പറഞ്ഞു. തന്നോട് ചാറ്റ് ചെയ്തശേഷം അതേക്കുറിച്ച് രാഹുൽ മോശമായി സംസാരിച്ചുവെന്നാണ് ഹണിയുടെ ആരോപണം. കഴിഞ്ഞ ദിവസമാണ് ഇതേക്കുറിച്ച് താൻ അറിഞ്ഞത്. അതിനാലാണ് ഇപ്പോൾ ഇതേക്കുറിച്ച് പ്രതികരിക്കുന്നതെന്നും ഹണി കഴിഞ്ഞ ദിവസം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞിരുന്നു. താൻ യാത്രകൾ നടത്തിയതിന് ശേഷം അതേക്കുറിച്ച് അറിയാനെന്ന പേരിലാണ് രാഹുൽ മെസേജ് അയച്ചത്. അതിന് താൻ മറുപടി നൽകുകയും ചെയ്തിരുന്നു. ഇതിന് ശേഷം ഇതേക്കുറിച്ച് ഇയാൾ വളരെ മോശമായാണ് പലരോടും സംസാരിച്ചത്. അയാളുടെ പത്രാസ് കണ്ടിട്ട് അയാളുടെ പിന്നാലെ ചെല്ലുന്ന സ്ത്രീയായാണ് എന്നെ ചിത്രീകരിച്ചതെന്നും ഹണി പറഞ്ഞിരുന്നു. രാഹുലിന്റെ സ്വഭാവം മോശമാണെന്ന് തോന്നിയതിനാൽ പിന്നീട് സംസാരിച്ചിട്ടില്ല. രാഹുലിന്റെ ഇരയായ നിരവധി സ്ത്രീകളെക്കുറിച്ച് തനിക്ക് അറിയാമെന്നും കോൺഗ്രസ് പ്രവർത്തകർക്കും ദുരനുഭവമുണ്ടായിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതികളുമായെത്തുമെന്നും ഹണി പറഞ്ഞിരുന്നു.
ASDDADSDSADS