സഹോദരിമാരുടെ കൊലപാതകം: തലശ്ശേരിയിൽ കണ്ട മൃതദേഹം പ്രതിയായ സഹോദരൻ പ്രമോദിന്‍റേതെന്ന് സൂചന

ഷീബ വിജയൻ
കോഴിക്കോട് I ജില്ലയിലെ തടമ്പാട്ടുത്താഴത്ത് രോഗികളായ സഹോദരിമാരെ കൊല ചെയ്ത സംഭവത്തിൽ സഹോദരനും മരിച്ചുവെന്ന് സൂചന. തലശേരി പുല്ലാഴിപ്പുഴയിലാണ് 60 വയസ് തോന്നിക്കുന്ന മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം തലശ്ശേരിയിലേക്ക് തിരിച്ചു. ഫോട്ടോ കണ്ട് പ്രമോദിന്‍റേതാണ് മൃതദേഹം എന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
തടമ്പാട്ടുതാഴത്ത് വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ കേസിൽ സഹോദരൻ പ്രമോദിനെ പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കെയാണ് മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. പ്രമോദ് എത്തിയ സ്ഥലങ്ങളിലെ സി.സി.ടി.വി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഫറോക്ക് പാലം ജംങ്ഷനിലാണ് പ്രമോദിന്റെ മൊബൈൽ ടവർ ലൊക്കേഷൻ അവസാനിച്ചത്. ഈ പ്രദേശത്ത് ഉൾപ്പെടെ പൊലീസ് വിശദമായ തെരച്ചിൽ നടത്തിയിരുന്നു. പുഴയിൽ ചാടി ജീവിതം അവസാനിപ്പിക്കാൻ സാധ്യതയുണ്ടെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. സഹോദരിമാരെ പരിചരിക്കാൻ കഴിയാത്തതിനാൽ കൊലപാതകം നടത്തിയെന്നാണ് പൊലീസിന്റെ നിഗമനം. ശ്രീജയ, പുഷ്പലളിത എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് വർഷമായി തടമ്പാട്ടുതാഴത്തെ വാടക വീട്ടിലാണ് പ്രമോദും സഹോദരിമാരും താമസിച്ചിരുന്നത്. രോഗികളായ സഹോദരിമാരെ പരിചരിക്കാൻ കഴിയാത്തതിനാലാണ് പ്രമോദ് കൊല ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
AQSWASADS