ശ്വേത മേനോനെതിരായ കേസ്; നടപടികൾ റദ്ദാക്കി ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

ഷീബ വിജയൻ
കൊച്ചി I അശ്ലീല രംഗങ്ങളില്‍ അഭിനയിക്കുകയും വീഡിയോ പ്രചരിപ്പിക്കുകയും ചെയ്‌തെന്ന പരാതിയില്‍ ശ്വേതാ മേനോനെതിരായ കേസിന്‍റെ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. കേസിനെക്കുറിച്ച് കൂടുതൽ പരാമർശങ്ങൾ നടത്തുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി എറണാകുളം സിജെഎമ്മിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ഹർജി കിട്ടിയ ശേഷം പോലീസിന് കൈമാറും മുമ്പ് സ്വീകരിച്ച തുടർനടപടികൾ അറിയിക്കണമെന്നും അന്വേഷണം നടത്തുന്ന സെൻട്രൽ പോലീസും റിപ്പോർട്ട് നൽകണമെന്നും കോടതി നിർദേശിച്ചു. തനിക്കെതിരായ കേസ് റദ്ദാക്കണമെന്നും അന്വേഷണ നടപടികൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് ശ്വേതാ മേനോൻ ഹൈക്കോടതിയിൽ ഹർജി നല്കിയത്. കേസ് അടിസ്ഥാനരഹിതമാണെന്നടക്കമുള്ള തരത്തില്‍ നിയമോപദേശം ലഭിച്ച സാഹചര്യത്തിലാണ് ശ്വേത മേനോൻ കോടതിയെ സമീപിച്ചത്. തനിക്കെതിരായി പരാതിക്കാരന്‍ നല്‍കിയ ക്ലിപ്പുകള്‍ സെന്‍സര്‍ ചെയ്ത സിനിമകളിലേതെന്ന് താരം കോടതിയെ അറിയിച്ചു. കുടുംബചിത്രങ്ങളില്‍ അഭിനയിക്കുന്ന നടിയാണ് താനെന്നും ഗൂഢാലോചനയുടെ ഭാഗമാണ് പരാതിയെന്നും ശ്വേത അറിയിച്ചു. എന്നാല്‍ പോണ്‍സൈറ്റുകളില്‍ ചിത്രം കടന്നുവന്നത് എങ്ങനെയെന്ന് അന്വേഷിക്കണമെന്നും കോടതിയോട് ആവശ്യപ്പെട്ടു. മാര്‍ട്ടിന്‍ മേനാച്ചേരി എന്നയാളുടെ പരാതിയില്‍ എറണാകുളം സിജെഎം കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് ബുധനാഴ്ചയാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസെടുത്തത്. അനാശാസ്യ നിരോധന നിയമപ്രകാരവും, ഐടി ആക്ട് പ്രകാരവുമാണ് കേസ്. സിനിമയിലും പരസ്യങ്ങളിലും മറ്റും നഗ്‌നത പ്രദര്‍ശിപ്പിച്ച് അഭിനയിച്ചു, സമൂഹമാധ്യമങ്ങളിലൂടെയും വെബ്‌സൈറ്റുകളിലൂടെയും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് വരുമാനം നേടി തുടങ്ങിയ ആരോപണങ്ങളാണ് പരാതിയില്‍ ഉള്ളത്. സാമ്പത്തിക ലാഭത്തിനുവേണ്ടി ഗൂഢ ഉദ്ദേശത്തോടെ സിനിമയിലും പരസ്യങ്ങളിലും നഗ്‌നത പ്രദര്‍ശിപ്പിച്ച് അഭിനയിച്ചു, സമൂഹമാധ്യമങ്ങളിലൂടെയും പോണ്‍സൈറ്റുകളിലൂടെയും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് വരുമാനം നേടിയെന്നുമാണ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
അതേസമയം ശ്വേത മേനോന്‍ താരസംഘടന അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതുമായി തന്‍റെ പരാതിക്ക് ബന്ധമില്ലെന്ന് പരാതിക്കാരന്‍ പറഞ്ഞു. നടിക്കെതിരെ താന്‍ മാര്‍ച്ചില്‍ ആണ് പരാതി നല്‍കിയത്. സെന്‍ട്രല്‍ പോലീസില്‍ പരാതി നല്‍കിയിട്ട് നടപടി ഉണ്ടാകാതിരുന്നതോടെ കോടതിയെ സമീപിക്കുകയായിരുന്നുവെന്നും മാര്‍ട്ടിന്‍ പറഞ്ഞു.
Ssassa