ക്യാപിറ്റൽ പണിഷ്മെന്‍റ് എന്ന വാക്ക് ആരും പറഞ്ഞിട്ടില്ല; സുരേഷ് കുറുപ്പിനെതിരെ ചിന്താ ജെറോം

ഷീബ വിജയൻ
തിരുവനന്തപുരം I അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് എതിരായ ക്യാപിറ്റൽ പണിഷ്മെന്‍റ് പരാമർശത്തിൽ സുരേഷ് കുറുപ്പിനെ തള്ളി ചിന്താ ജെറോം. ആലപ്പുഴ സമ്മേളനത്തിൽ ക്യാപിറ്റൽ പണിഷ്മെന്‍റ് എന്ന വാക്ക് ആരും പറഞ്ഞിട്ടില്ലെന്ന് ചിന്ത പറഞ്ഞു. എല്ലാ സന്തോഷത്തോടും കൂടി താൻ പങ്കെടുത്ത സമ്മേളനമാണ് അത്. വി.എസിനും പാർട്ടിക്കും ലഭിക്കുന്ന പിന്തുണ കണ്ട് അസ്വസ്ഥമാകുന്നതുകൊണ്ടായിരിക്കാം ഇത്തരം കുപ്രചാരണങ്ങളെല്ലാം മാധ്യമങ്ങളുടെ പിന്തുണയോടെ ഉയർത്തിക്കൊണ്ടുവരുന്നതെന്നും ചിന്ത പറഞ്ഞു. സുരേഷ് കുറുപ്പ് ഏത് സാഹചര്യത്തിലാണ് അങ്ങനെ പറഞ്ഞതെന്ന് തനിക്കറിയില്ല. പാർട്ടി നേതൃത്വം അതുസംബന്ധിച്ച് പ്രതികരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചിന്ത പറഞ്ഞു.
ഒരു ദിനപത്രത്തിന്‍റെ വാരാന്തപതിപ്പിൽ എഴുതിയ ലേഖനത്തിലാണ് സുരേഷ് കുറുപ്പ് തുറന്നുപറച്ചിൽ നടത്തിയത്. 2015 ൽ ആലപ്പുഴയിൽ നടത്തിയ സിപിഎം സംസ്ഥാന സമ്മേളനത്തിനിടെയാണ് സംഭവം. സമ്മേളനത്തിൽ നിന്ന് വി.എസ് ഇറങ്ങിപ്പോയത് ക്യാപിറ്റൽ പണിഷ്മെന്‍റ് പരാമര്‍ശനത്തിന് പിന്നാലെയാണെന്നാണ് ലേഖനത്തിൽ പറയുന്നത്. ഒരു യുവ വനിതാ നേതാവാണ് പരാമര്‍ശം നടത്തിയതെന്നാണ് വെളിപ്പെടുത്തൽ. ഈ പരാമര്‍ശത്തിന് പിന്നാലെ വി.എസ് സമ്മേളനം ബഹിഷ്കരിച്ച് പോവുകയായിരുന്നു. ഇങ്ങനെയൊക്കെയായിട്ടും അദ്ദേഹം പാര്‍ട്ടിയെ ഒരിക്കലും അധിക്ഷേപിച്ചില്ലെന്നും സുരേഷ് കുറുപ്പ് പറയുന്നു.
CXZSSSDA