മുസ്ലീംഭൂരിപക്ഷമായിട്ട് എന്തുകുഴപ്പമുണ്ടായി, വെള്ളാപ്പള്ളി മലപ്പുറത്തെ ഹിന്ദുക്കളോട് ചോദിക്കണം: സത്താർ പന്തല്ലൂർ


ഷീബ വിജയൻ 

കൊച്ചി I എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിവാദപരാമര്‍ശത്തിനെതിരെ സമസ്ത നേതാവ് സത്താര്‍ പന്തല്ലൂര്‍. മുസ്ലിം ജനസംഖ്യ ഭൂരിപക്ഷമായാല്‍ എന്താണ് കുഴപ്പമെന്ന് സത്താര്‍ പന്തല്ലൂര്‍ ചോദിച്ചു. 'മലപ്പുറം ജില്ലയില്‍ മുസ്ലീം ഭൂരിപക്ഷം ആയിട്ട് എന്തുകുഴപ്പമാണ് ഉണ്ടായതെന്ന് മലപ്പുറത്തെ ഹിന്ദുക്കളോട് വെള്ളാപ്പള്ളി ചോദിച്ചുനോക്കണം. ഹിന്ദുത്വ വാദികള്‍ അടക്കിഭരിക്കുന്ന ഭാരതമായി ഇന്ത്യ മാറി. ഈ സമയത്തും മുസ്ലീങ്ങള്‍ ഇതാ ഭൂരിപക്ഷമാകുന്നേ എന്ന് ഒരു ജാതി സംഘടനാ നേതാവ് വിളിച്ചുപറയുന്നുവെങ്കില്‍ അതിന്റെ സൂക്കേട് വേറെ'യാണെന്നും സത്താര്‍ പന്തല്ലൂര്‍ വിമര്‍ശിച്ചു. ഇത്തരം വര്‍ഗീയ ഭ്രാന്തുകളെ മതേതര സമൂഹം ചങ്ങലക്കിട്ടേ പറ്റൂവെന്നും സമസ്ത നേതാവ് കുറ്റപ്പെടുത്തി.

'ഇടശ്ശേരി ഗോവിന്ദന്‍ നായര്‍, വി ടി ഭട്ടതിരിപ്പാട്, ബാലാമണിയമ്മ, ഉറൂബ് (പി സി കുട്ടികൃഷ്ണന്‍ നായര്‍), വള്ളത്തോള്‍ നാരായണമേനോന്‍, ഇഎംഎസ് നമ്പൂതിരിപ്പാട്, എം ഗോവിന്ദന്‍, സി രാധാകൃഷ്ണന്‍, എം ടി വാസുദേവന്‍ നായര്‍…. തുടങ്ങിയ എത്ര സാംസ്‌കാരിക നായകന്മാരും സാഹിത്യകാരന്മാരുമാണ് ഇന്നത്തെ മലപ്പുറം ജില്ലയിലും പഴയ പൊന്നാനി താലൂക്കിലുമായി വളര്‍ന്നുവന്നതും ജ്വലിച്ചു നിന്നതും. മലബാറിലെ ഒരു മുസ്ലിം ഭൂരിപക്ഷ പ്രദേശത്തിന്റെ അവസ്ഥ ഇങ്ങനെയാണെങ്കില്‍, കേരളം മുഴുവന്‍ മുസ്ലിം ഭൂരിപക്ഷം ആയാലും ഈ അവസ്ഥ തന്നെയായിരിക്കും ഉണ്ടാവുക. പിന്നെ എന്തിനാണ് ഈ ഭീഷണി', സത്താര്‍ പന്തല്ലൂര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

കേരളം വൈകാതെ മുസ്ലിം ഭൂരിപക്ഷ നാടായി മാറുമെന്നായിരുന്നു വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. മുസ്ലിം ഭൂരിപക്ഷമായി ഇവിടെ മാറും എന്ന് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും നേരത്തെ പറഞ്ഞിരുന്നു. അതിന് 40 വര്‍ഷം വേണ്ടി വരില്ല. കേരളത്തില്‍ ജനാധിപത്യമല്ല. മതാധിപത്യമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു.

article-image

ASDDFSADS

You might also like

Most Viewed