കീം വിധി: അപ്പീൽ നല്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മന്ത്രി ആർ. ബിന്ദു


ഷീബ വിജയൻ

കൊച്ചി: കേരള എൻജിനിയറിംഗ്, ഫാർമസി (കീം) പ്രവേശന യോഗ്യതാ പരീക്ഷാ ഫലം റദ്ദാക്കിയ വിധിക്കെതിരേ ഹൈക്കോടതിയിൽ അപ്പീൽ നൽകുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു. വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തിൽ വിഷയം ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിദ്യാർഥികളുടെ നന്മയെക്കരുതിയുള്ള തീരുമാനമാണ് സർക്കാർ ഈ വിഷയത്തിൽ എടുത്തിട്ടുള്ളത്. ഇക്കാര്യത്തിൽ സർക്കാരിന് മറ്റു നിക്ഷിപ്ത താത്പര്യങ്ങളില്ല. മാർക്ക് ഏകീകരണ രീതിയിൽ 28 മാർക്ക് വരെ കേരള സിലബസിൽ പഠിച്ച വിദ്യാർഥികൾക്ക് നഷ്ടപ്പെട്ടിരുന്നു. അതൊഴിവാക്കാനാണ് പുതിയ രീതി കൊണ്ടുവന്നതെന്നും മന്ത്രി വ്യക്തമാക്കി.

റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന് നിർദേശിച്ചാണ് ഹൈക്കോടതി പരീക്ഷാ ഫലം റദ്ദാക്കി ഉത്തരവിട്ടത്. കേരള സിലബസ് വിദ്യാർഥികളുടെ മാർക്ക് ഏകീകരണത്തിൽ മാറ്റം വരുത്തിയ നടപടി കോടതി റദ്ദാക്കി. പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കിയശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്നും ജസ്റ്റീസ് ഡി.കെ. സിംഗ് ചൂണ്ടിക്കാട്ടി. മുൻ സമവാക്യം അനുസരിച്ച് റാങ്ക് ലിസ്റ്റ് തയാറാക്കുമ്പോൾ കേരള സിലബസ് വിദ്യാർഥികൾക്ക് സിബിഎസ്‍ഇ വിദ്യാർഥികളേക്കാൾ മാർക്ക് കുറയുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് സർക്കാർ പുതിയ സമവാക്യം കൊണ്ടുവന്നത്. എന്നാൽ മാർക്ക് ഏകീകരണത്തിനുള്ള പുതിയ സമവാക്യം മൂലം സിബിഎസ്ഇ വിദ്യാർഥികൾക്ക് മുൻപ് ഉണ്ടായിരുന്ന വെയിറ്റേജ് നഷ്ടമായെന്ന് ചൂണ്ടിക്കാട്ടി സിബിഎസ്‍ഇ സിലബസിൽ പ്ലസ് ടു പാസായ വിദ്യാർഥിനി ഹന ഫാത്തിമ ഹർജിയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

article-image

aa

You might also like

Most Viewed