ഗർഭപാത്രം നീക്കം ‍ചെയ്യുന്നതിനിടെ കുടലിന് മുറിവേറ്റ സ്ത്രീ മരിച്ചു


കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഗർഭപാത്രം നീക്കം ‍ചെയ്യുന്നതിനിടെ കുടലിന് മുറിവേറ്റ സ്ത്രീ മരിച്ചു. പേരാമ്പ്ര സ്വദേശിനി വിലാസിനി (57)യാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഒ.പിയില്‍ ചികിത്സ തേടിയ വിലാസിനിയെ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരമാണ് കഴിഞ്ഞ ചൊവ്വാഴ്ച ഗര്‍ഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയയിൽ കുടലിന് പരുക്ക് പറ്റിയിട്ടുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞിരുന്നു. പിന്നീട് വാര്‍ഡിലേക്ക് മാറ്റിയ രോഗിക്ക് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ഞായറാഴ്ച കട്ടിയുള്ള ആഹാരം നല്‍കി. ഇതിന് ശേഷം വയറുവേദന അനുഭവപ്പെട്ടതോടെ ഡോക്ടര്‍മാരെ വിവരം അറിയിച്ചെന്നും ഐസിയുവിലേക്ക് മാറ്റിയെന്നും ബന്ധു ലിബിൻ പറഞ്ഞു.

യൂട്രസിന്റെ ഭാഗത്ത് അണുബാധ ഉള്ളതായി ഡോക്ടർമാർ സംശയിച്ചിരുന്നു. തുടർന്ന് വീണ്ടും ശസ്ത്രക്രിയ നടത്തുകയായിരുന്നു. കുടലില്‍ മുറിവുണ്ടായ സ്ഥലത്താണ് അണുബാധയെന്നും അണുബാധയുള്ള ഭാഗം മുറിച്ച് കളയുകയും ചെയ്തിരുന്നു. ശസ്ത്രക്രിയക്ക് ശേഷം രോഗിയുടെ ആരോഗ്യസ്ഥിതി മോശമാവുകയും വെന്റിലേറ്ററിലേക്ക് മാറ്റുകയും ചെയ്തു. അണുബാധ കിഡ്‌നിയിലേക്കും കരളിലേക്കും ഉള്‍പ്പടെ ബാധിച്ചിരുന്നു. ഇന്ന് രാവിലെയാണ് വിലാസിനിയുടെ മരണം സ്ഥിരീകരിച്ചതെന്ന് ബന്ധു പറയുന്നു.

ചികിത്സാപ്പിഴവുണ്ടായി എന്ന് കാണിച്ച് ബന്ധുക്കള്‍ ആശുപത്രി സൂപ്രണ്ടിനും മെഡിക്കല്‍ കോളജ് പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, ഗൈനക്കോളജി വിഭാഗം സൂപ്രണ്ട് അരുൺ പ്രീത് സംഭവത്തിൽ റിപ്പോർട്ട് തേടി.

article-image

DEQWADEQWADQWS

You might also like

  • Lulu Exchange
  • Straight Forward

Most Viewed