പാർട്ടിയിൽ പ്രാദേശിക പക്ഷപാതിത്വം, സ്ഥാനങ്ങൾ വീതിക്കുന്നത് കണ്ണൂർക്കാർക്ക് മാത്രം; എം വി ഗോവിന്ദന് രൂക്ഷ വിമർശനം

സിപിഐഎം സംസ്ഥാന സമ്മേളനത്തിൽ പാർട്ടി സെക്രട്ടറി എം വി ഗോവിന്ദന് രൂക്ഷ വിമർശനം. പാർട്ടിയിൽ സ്ഥാനമാനങ്ങൾ വീതം വെക്കുമ്പോൾ പ്രാദേശികമായ പക്ഷപാതിത്വം കാണിക്കുന്നു. മെറിറ്റും കഴിവുമെല്ലാം വേണമെന്ന് എന്നും പറയുന്ന പാർട്ടി സെക്രട്ടറി പക്ഷെ സ്ഥാനങ്ങൾ വീതം വെക്കുന്ന ഘട്ടത്തിൽ എല്ലാം നൽകുന്നത് കണ്ണൂരുകാർക്കാണ് എന്നായിരുന്നു വിമർശനം. സംഘടനാ റിപ്പോർട്ടിന്മേലുള്ള പൊതുചർച്ചയിലാണ് പത്തനംതിട്ട ജില്ലയിൽ നിന്നുള്ള പ്രതിനിധിയും സിഐടിയു ജില്ലാ സെക്രട്ടറി കൂടിയായ പി ബി ഹർഷകുമാർ എം വി ഗോവിന്ദനെതിരെ വിമർശനം നടത്തിയത്. എല്ലാ സ്ഥാനങ്ങളും ഒരു ജില്ലയ്ക്ക് മാത്രമായി സംവരണം ചെയ്തിട്ടുണ്ടോയെന്നും പ്രതിനിധികൾ ചോദിച്ചു.
മന്ത്രിമാർക്ക് നേരെയും പൊതുചർച്ചയ്ക്കിടെ വിമർശനങ്ങൾ ഉയർന്നിരുന്നു. മന്ത്രിമാരിൽ പലരും കഴിവിനൊത്ത് പ്രവർത്തിക്കുന്നില്ലെന്നും പ്രവർത്തനം മോശമാണെന്നും മുഖ്യമന്ത്രി ഒഴികെയുള്ള മന്ത്രിമാർ പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെന്നും ഹർഷകുമാർ വിമർശനമുണ്ട്. പല നേതാക്കന്മാർക്കും പാർട്ടിയിൽ വന്നതിന് ശേഷം എത്ര സമ്പത്ത് ഉണ്ടായെന്ന് പരിശോധിക്കണമെന്നും വിമർശനത്തിൽ പറയുന്നു.
ആശാ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കാത്തതിനെ ചർച്ചയിൽ വിമർശിച്ച് പ്രതിനിധികൾ മുന്നോട്ട് വന്നു. ആശമാരുടെ സമരം ഒത്തുതീർപ്പ് ആക്കാത്തതെന്ത് കൊണ്ടാണെന്നും പിഎസ്‌സി അംഗങ്ങൾക്ക് സ്വർണ്ണക്കരണ്ടിയിൽ ശമ്പളം നൽകുകയാണെന്നും എതിരാളികളുടെ മുതലെടുപ്പ് കാണാതെ പോകരുതെന്നും വിമർശനമുണ്ട്.
dfdsfsadadfs