കണ്ണാടി വെച്ചാല്‍ കോലം നന്നാകുമോ ; മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് മുസ്ലിം ലീഗ് മുഖപത്രം


ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ഇടതുപക്ഷത്തിന്‍റെ തോല്‍വിയില്‍ മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഐഎമ്മിനെയും രൂക്ഷമായി വിമര്‍ശിച്ച് മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രിക. തോല്‍വിക്ക് കാരണം ഭരണവീഴ്ച്ചയാണെന്ന് പി ആര്‍ സംഘവും മുഖ്യമന്ത്രിയും തിരിച്ചറിഞ്ഞിട്ടില്ലെന്നും വീണ്ടും തോറ്റാല്‍ പാര്‍ട്ടിയെ കാണാന്‍ മ്യൂസിയത്തില്‍ പോകേണ്ടിവരുമെന്നും മുഖപത്രത്തില്‍ വിമര്‍ശിക്കുന്നു. 'കണ്ണാടി വെച്ചാല്‍ കോലം നന്നാകുമോ' എന്ന തലക്കെട്ടിലെഴുതിയ മുഖപ്രസംഗത്തിലാണ് മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്.

പിണറായിയുടെ വാക്കുകളെ മുത്തുമൊഴികളായി സ്വീകരിച്ചിരുന്നവരൊക്കെ വെളിച്ചപ്പാടായതോടെ വിമര്‍ശനമേല്‍ക്കാത്തവര്‍ കേരളത്തിലില്ലെന്ന അവസ്ഥയായി. ധനമന്ത്രിയും പിണറായിയും വിമര്‍ശനത്തിന്റെ ഇരകളായി. പണ്ടേ യെച്ചൂരി ഒരുഭാഗത്തും കേരളത്തിലെ പാര്‍ട്ടി മറുഭാഗത്തുമാണ് എന്ന് അറിയാത്തവരായി ഒരാളുമില്ല. ഭരണദൗര്‍ബല്യങ്ങള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ആക്കം കൂട്ടിയെന്ന പാര്‍ട്ടിയുടെ വിലയിരുത്തല്‍ മുഖ്യമന്ത്രിയിലേക്ക് വിരല്‍ ചൂണ്ടിയപ്പോള്‍ ന്യായീകരണം ചമയ്ക്കാന്‍ ഗോവിന്ദനും പാടുപെട്ടു എന്ന് മുഖപത്രം വിമര്‍ശിച്ചു.

'നിരാശാജനകമായ തോല്‍വിയില്‍ ഭരണപരമായ പോരായ്മകളാണ് നിഴലിച്ചുനില്‍ക്കുന്നതെന്ന് കേന്ദ്ര നേതൃത്വവും സംസ്ഥാന നേതൃത്വവും തിരിച്ചറിഞ്ഞുകഴിഞ്ഞു. പക്ഷേ പി ആര്‍ ടീമും മുഖ്യമന്ത്രിയും ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നതാണ് സത്യം. തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇതിലും വലിയ അടി കിട്ടിയേക്കുമെന്ന സൂചനയുടെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ പാര്‍ട്ടി അനുകൂലമായി വാര്‍ഡ് വെട്ടികീറി വിഭജിക്കുന്ന പഴയകുടില തന്ത്രം വീണ്ടും ഇറക്കിയിട്ടുണ്ട്. മോദിയുടെ ബില്‍ തന്ത്രങ്ങളുടെ കോപി പോസ്റ്റുമായാണ് മുണ്ടുടുത്ത മോദിയുടെ പുറപ്പാട്. വീണ്ടും തോറ്റാല്‍ പാര്‍ട്ടിയെ മ്യൂസിയത്തില്‍ തിരയേണ്ടി വരുമെന്നാണ് നേതാക്കള്‍ പോലും രഹസ്യമായി പറയുന്നത്' എന്നും ചന്ദ്രിക കടന്നാക്രമിച്ചു.

നവോത്ഥാനമെന്നും പറഞ്ഞ് നടക്കുകയും വാ തുറന്നാല്‍ വര്‍ഗീയത തികട്ടി പുറത്തുവരികയും ചെയ്യുന്ന വെള്ളാപ്പള്ളി സിപിഐഎമ്മിലെ ഈഴവ വോട്ടുകള്‍ സംഘപരിവാരത്തിലേക്ക് ഹോള്‍സെയിലായി എത്തിക്കുന്ന പാലമാണെന്ന് തിരിച്ചറിവ് മതില്‍ കെട്ടാന്‍ കരാര്‍ നല്‍കിയ പിണറായിയും പാര്‍ട്ടിയും ഇപ്പോഴും തിരിച്ചറിഞ്ഞിട്ടില്ലെന്നും എഡിറ്റോറിയല്‍ വിമര്‍ശിച്ചു. എത്ര തോറ്റാലും അത് തോല്‍വിയല്ലെന്ന് പറയുന്ന മുഖ്യന് മോരിലെ പുളി പോയാലും ലീഗിനെ കുറ്റം പറയുന്ന പണിയാണ്. അതാവുമ്പോള്‍ യാതൊരു അന്തവും കുന്തവുമില്ലാത്ത സഖാക്കള്‍ ആഹാ വിളിച്ച് കൂടെ നിന്നോളുമെന്ന് ടിയാനും അറിയാം. സ്വന്തം മുഖം വികൃതമായത് തിരിച്ചറിയാതെ മറ്റു പാര്‍ട്ടികളുടെ മുഖം വികൃതമാണെന്ന് വിളിച്ചു പറയുന്നത് മാത്രമാണ് ആകെ നടക്കുന്നത്. പ്രശ്നമുണ്ടാകുമ്പോള്‍ അത് കാണിക്കുന്ന കണ്ണാടി കുത്തിപ്പൊട്ടിക്കലാണ് ഹീറോയിസം എന്ന് കരുതുന്നവരോട് ജനം ഇതില്‍ കൂടുതല്‍ചെയ്താലും അത്ഭുതപ്പെടേണ്ടതില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

article-image

defswdsdfsdsdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed