ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രി സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു


ഇസ്രായേൽ ദേശീയ സുരക്ഷാ മന്ത്രിയും തീവ്ര വലതുപക്ഷ നേതാവുമായ ഇറ്റാമർ ബെൻഗിവിർ സഞ്ചരിച്ച കാർ കീഴ്‌മേൽ മറിഞ്ഞ് വൻ അപകടം. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച ശേഷം ഇദ്ദേഹം സഞ്ചരിച്ച കാർ മറിയുകയായിരുന്നുവെന്നാണു വിവരം. സംഭവത്തിൽ ബെൻഗിവിറിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ‘ടൈംസ് ഓഫ് ഇസ്രായേൽ’ റിപ്പോർട്ട് ചെയ്തു. ഇസ്രായേൽ നഗരമായ റംലയിൽ പ്രാദേശിക സമയം ഇന്നലെ രാത്രി എട്ടുമണിയോടെയാണു സംഭവം. റംലയിൽ‍ 19കാരിക്കു കുത്തേറ്റ സംഭവത്തെ തുടർന്ന് സ്ഥലം സന്ദർശിക്കാനെത്തിയതായിരുന്നു ഇറ്റാമർ ബെൻഗിവിർ. സന്ദർശനം കഴിഞ്ഞു മടങ്ങുംവഴിയാണ് അപകടമുണ്ടായത്. സിഗ്നൽ മറികടന്ന് മുന്നോട്ടുപോകുന്നതിനിടെയാണ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതാണെന്നും റിപ്പോർട്ടുണ്ട്.  സംഭവത്തിൽ ബെൻഗിവിറിനു പുറമെ മറ്റു നാലുപേർക്കും പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. മന്ത്രിയുടെ മകളും സുരക്ഷാ ജീവനക്കാരനും വാഹനത്തിന്റെ ഡ്രൈവറും പരിക്കേറ്റവരിലുണ്ടെന്ന് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. എതിർവശത്തുനിന്നു വന്ന വാഹനത്തിന്റെ ഡ്രൈവറിനും പരിക്കേറ്റിട്ടുണ്ട്. 

മന്ത്രിയും മകളും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.  തൊട്ടടുത്തുള്ള ഷമീർ മെഡിക്കൽ സെന്ററിലാണ് മന്ത്രിയെ പ്രവേശിപ്പിച്ചത്. ബെന്‍ഗിവിറിന്‍റെ ആരോഗ്യനില മെച്ചപ്പെട്ടതായി മന്ത്രിയുടെ ഓഫിസ് അറിയിച്ചു. കൂടുതൽ നിരീക്ഷണത്തിനായി അദ്ദേഹം ആശുപത്രിയിൽ തന്നെ തുടരുകയാണെന്നും ഓഫിസ് വൃത്തങ്ങൾ പറഞ്ഞു. സിഗ്നലിൽ പച്ച ലൈറ്റ് കത്തിയ ശേഷമാണ് താൻ വാഹനം മുന്നോട്ടെടുത്തതെന്ന് കൂട്ടിയിടിച്ച വാഹനത്തിലെ ഡ്രൈവർ പറഞ്ഞു. എന്നാൽ, സിഗ്നൽ ലംഘിച്ച് മന്ത്രിയുടെ വാഹനവ്യൂഹം മുന്നോട്ടെടുക്കുകയായിരുന്നു. ഇതുവരെ ട്രാഫിക് നിയമനലംഘനം നടത്താത്തയാളാണ് ഞാൻ. ശരീരം മുഴുവൻ വേദനിക്കുന്നുണ്ട്. കഴുത്തിലും അരയിലുമെല്ലാം ചതവുണ്ടെന്നാണു മനസിലാകുന്നതെന്നും ഡ്രൈവർ പറഞ്ഞു. 

സംഭവത്തിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു. അപകടത്തെ കുറിച്ച് അന്വേഷിച്ചുവരികയാണ്. ബെൻഗിവീറിന്റെ ഡ്രൈവറെ പൊലീസ് ചോദ്യംചെയ്തതായാണ് റിപ്പോർട്ട്.  ട്രാഫിക് ലംഘനം നടത്തിയ കാര്യം പിന്നീട് മന്ത്രിയുടെ ഓഫിസും സമ്മതിച്ചിട്ടുണ്ട്. അറബ്−ജൂത സമൂഹങ്ങൾ ഒരുപോലെയുള്ള നഗരമാണ് റംലയെന്നും ഇവിടെ നിൽക്കുന്നത് അപകടമാണെന്നു കരുതിയാണ് വാഹനം വേഗം മുന്നിലേക്കെടുത്തതെന്നുമാണ് മന്ത്രിയുടെ ന്യായീകരണം.  ഇതാദ്യമായല്ല ബെൻഗിവീറിന്റെ വാഹനം ട്രാഫിക് നിയമങ്ങൾ ലംഘിച്ച് അപകടത്തിൽപെടുന്നത്. 2023 ഓഗസ്റ്റിലും സമാനമായ രീതിയിൽ സിഗ്നൽ മറികടന്ന് ഇദ്ദേഹത്തിന്റെ വാഹനം മുന്നോട്ടെടുക്കുകയും അപകടത്തിൽപെടുകയുമായിരുന്നു. ട്രാഫിക് നിയമലംഘനം നടത്താൻ മന്ത്രി സ്ഥിരമായി നിർബന്ധിക്കാറുണ്ടെന്നു പരാതിയുമായി ബെൻഗിവിറിന്റെ അംഗരക്ഷകർ പ്രധാനമന്ത്രിയുടെയും ദേശീയ സുരക്ഷാ മന്ത്രിയുടെയും ഓഫിസുകളിൽ പരാതി നൽകിയിരുന്നു. സ്വന്തം ജീവൻ മാത്രമല്ല, ഡ്രൈവറുടെയും അംഗരക്ഷകരുടെയും ജീവനുകളാണ് ഇദ്ദേഹം അപായപ്പെടുത്തുന്നത്. 

പ്രധാനമന്ത്രിയാണെന്നാണ് അദ്ദേഹത്തിന്റെ വിചാരം. ഇതു വലിയ ദുരന്തത്തിലാകും അവസാനിക്കുകയെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ബെൻഗിവിറിനെതിരെയും ട്രാഫിക് ലംഘനത്തിനു നിരവധി കേസുകളുണ്ട്. 2000ത്തിനുശേഷം അമിതവേഗം, സിഗ്നൽ മറികടക്കൽ, ഫോൺ ചെയ്ത് ഡ്രൈവിങ്, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള ഡ്രൈവിങ് ഉൾപ്പെടെ 78 കേസുകളാണ് അദ്ദേഹത്തിനെതിരെയുള്ളത്. അറബ്−മുസ്‌ലിം വിരുദ്ധതയ്ക്കു പേരുകേട്ട നേതാവാണ് ഇറ്റാമർ ബെൻഗിവിർ. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിനിടയിൽ പ്രകോപന പ്രസ്താവനകളുമായി വാർത്തയിൽ നിറഞ്ഞിരുന്നു. നേരത്തെ, വംശീയാധിക്ഷേപം, ഭീകരസംഘടനകൾക്കു സഹായം ഉൾപ്പെടെയുള്ള കേസുകൾ ഇദ്ദേഹത്തിനെതിരെയുണ്ടായിരുന്നു. 2023ലാണ് ബെഞ്ചമിൻ നെതന്യാഹു സർക്കാരിൽ ദേശീയ സുരക്ഷാ മന്ത്രിയാകുന്നത്.  

article-image

adadw

You might also like

Most Viewed