കുറ്റസമ്മതിച്ച് ഇസ്രായേൽ: ‘ബന്ദിയെ ഐ.ഡി.എഫ് അബദ്ധത്തിൽ കൊന്നതാണ്’

ഹമാസ് ബന്ദിയാക്കിയ ഇസ്രായേലി പൗരനെ തങ്ങൾ അബദ്ധത്തിൽ കൊലപ്പെടുത്തിയതായി ഇസ്രായേൽ അധിനിവേശ സേനയുടെ കുറ്റസമ്മതം. സെൻട്രൽ ഗസ്സയിലെ കെട്ടിടത്തിന് നേരെ ഇസ്രായേൽ വ്യോമസേന നടത്തിയ ആക്രമണത്തിലാണ് ബന്ദിയായ യോസെഫ് ഷറാബി (53) കൊല്ലപ്പെട്ടതെന്ന് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് (ഐ.ഡി.എഫ്) പറഞ്ഞു. വ്യോമസേന ആകാശത്തുനിന്ന് ബോംബിട്ട് തകർത്ത സെൻട്രൽ ഗസ്സയിലെ കെട്ടിടത്തിന് തൊട്ടടുത്തുള്ള കെട്ടിടത്തിലായിരുന്നു ഷറാബിയെ ഹമാസ് പാർപ്പിച്ചിരുന്നതെന്നും എന്നാൽ ഐ.ഡി.എഫ് ഇൻറലിജൻസിന് ഇക്കാര്യം അറിയില്ലായിരുന്നുവെന്നും ഇസ്രായേലി മാധ്യമമായ ജറൂസലേം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഐ.ഡി.എഫ് ആക്രമണത്തിൽ ഷറാബിയെ പാർപ്പിച്ചിരുന്ന കെട്ടിടവും തകർന്ന് വീഴുകയായിരുന്നുവെന്ന് സൈന്യം പറയുന്നു. നേരത്തെ, ഷറാബിയെ ഹമാസ് വെടിവെച്ച് കൊന്നതാണെന്ന് ഇസ്രായേൽ ആരോപിച്ചിരുന്നു. ഇതിനിടെയാണ് സൈന്യത്തിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നത്.
ഇസ്രായേൽ ആക്രമണത്തിൽ യോസെഫ് ഷറാബി, ഇറ്റായി സ്വിർസ്‌കി എന്നിവർ കൊല്ലപ്പെട്ടതായി ജനുവരി 15 നാണ് ഹമാസ് പ്രഖ്യാപിച്ചത്. മറ്റൊരു ബന്ദിയായ നോവ അർഗമണി(26)യുടെ വിഡിയോ സന്ദേശം വഴിയാണ് ഇവരുടെ മരണവിവരം ഹമാസ് പുറത്തുവിട്ടത്. ‘അൽ ഖസ്സാം സൈനികരും ഞങ്ങൾ മൂന്ന് ബന്ദികളും ഇവിടെ ഒരു കെട്ടിടത്തിൽ താമസിക്കുകയായിരുന്നു. ഞാൻ, ഇറ്റായി സ്വിർസ്‌കി, യോസെഫ് ഷറാബി എന്നിവരാണ് ബന്ദികൾ. കെട്ടിടത്തിന് നേരെ ഐഡിഎഫിന്റെ എഫ് 16 ഫൈറ്റർ ജെറ്റ് വ്യോമാക്രമണം നടത്തി. ഞങ്ങൾക്ക് നേരെ തൊടുത്തുവിട്ട മൂന്ന് റോക്കറ്റുകളിൽ രണ്ടെണ്ണം പൊട്ടിത്തെറിച്ചു. ഞങ്ങൾ ഉണ്ടായിരുന്ന കെട്ടിടം തകർന്നു. ഞങ്ങളെല്ലാം അവശിഷ്ടങ്ങൾക്കടിയിലകപ്പെട്ടു. അൽ ഖസ്സാം സൈനികർ എൻറെയും ഇറ്റായിയുടെയും ജീവൻ രക്ഷിച്ചു. നിർഭാഗ്യവശാൽ, ഷറാബിയുടെയും ജീവൻ രക്ഷിക്കാനായില്ല’’ -വിഡിയോയിൽ പറയുന്നു.
ഒക്ടോബർ 7 ന് കിബ്ബട്ട്സ് ബീറിയിൽ നിന്നാണ് സ്വിർസ്കി, ഷറാബി, ഇയാളുടെ മകൻ ഒറെൻ (13) എന്നിവരെ ഹമാസ് ബന്ദികളാക്കിയത്. ഇതിൽ ഒറെനിനെ നവംബറിലെ ബന്ദി കൈമാറ്റത്തിൽ ഇസ്രായേലിലേക്ക് വിട്ടയച്ചിരുന്നു. ജനുവരി ആദ്യവാരം സെൻട്രൽ ഗസ്സയിൽ ഹമാസിന്റെ ടണൽ തകർക്കുന്നതിനിടെ ആറ് ഇസ്രായേൽ സൈനികർ അബദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു. മാധ്യമപ്രവർത്തകരെ ദൃക്സാക്ഷികളാക്കി സെൻട്രൽ ഗസ്സയിലെ അൽബുറൈജ് അഭയാർഥി ക്യാമ്പിൽ ടണൽ തകർക്കുന്നതിനിടെയാണ് ഉഗ്രസ്ഫോടനമുണ്ടായി സൈനികർ കൊല്ലപ്പെട്ടത്. തുരങ്കം തകർക്കാനായി വിന്യസിച്ച സ്‌ഫോടകവസ്തുക്കൾ പ്രതീക്ഷിച്ചതിന് അരമണിക്കൂർ മുമ്പേ പൊട്ടിത്തെറിച്ചതാണ് ഇസ്രായേൽ പ്രതിരോധ സേനയിലെ ആറ് റിസർവ് എഞ്ചിനീയർമാരുടെ മരണത്തിൽ കലാശിച്ചതെന്ന് സൈന്യം വെളിപ്പെടുത്തിയിരുന്നു. സംഭവസ്ഥലത്ത് ഹമാസ് റോക്കറ്റ് നിർമാണ പ്ലാന്റ് ഉണ്ടായിരുന്നുവെന്ന് പറഞ്ഞാണ് ഇത് തകർക്കുന്നത് കാണിക്കാൻ ഇസ്രായേൽ അനുകൂല മാധ്യമ പ്രവർത്തകരുടെ സംഘത്തെ സൈന്യം കൂടെ കൂട്ടിയത്. ഇവർ ദൃശ്യങ്ങൾ പകർത്തവെയായിരുന്നു ഉഗ്രസ്ഫോടനം. നിരവധി സൈനികർക്ക് സാരമായി പരിക്കേറ്റതായും സംഘത്തിലുണ്ടായിരുന്ന ടൈംസ് ഓഫ് ഇസ്രായേൽ ലേഖകൻ ഇമ്മാനുവൽ ഫാബിയൻ റിപ്പോർട്ട് ചെയ്തിരുന്നു
FDFSDFDFSDFSDFSDFS