ഹൂതികളുടെ മൂന്നു ബോട്ടുകൾ മുക്കി അമേരിക്ക

ചെങ്കടലിൽ ചരക്കുകപ്പൽ റാഞ്ചാൻ യെമനിലെ ഹൂതി വിമതർ നടത്തിയ ശ്രമം യുഎസ് നാവികസേന പരാജയപ്പെടുത്തി. സിംഗപ്പുർ രജിസ്ട്രേഷനിലുള്ളതും ഡെന്മാർക്കിലെ സ്വകാര്യ കന്പനിയുടെ ഉടമസ്ഥതയിലുള്ളതുമായ “മയേഴ്സ്ക് ഹാംഗ്ഷൗ’ എന്ന കണ്ടെയ്നറിനു നേർക്കായിരുന്നു, യെമനിലെ പ്രാദേശികസമയം ഇന്നലെ രാവിലെ 6.30ന് ആക്രമണമുണ്ടായത്. ഹൂതികളുടെ മൂന്നു ബോട്ടുകൾ മുക്കിയെന്നും അതിലുണ്ടായിരുന്നവർ കൊല്ലപ്പെട്ടുവെന്നും യുഎസ് അറിയിച്ചു. കപ്പലിനു കേടുപാടോ ജീവനക്കാർക്കു പരിക്കോ ഇല്ല. ഇറാന്റെ പിന്തുണയോടെ യെമന്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന ഹൂതി വിമതർ നവംബർ മുതൽ ചെങ്കടലിലൂടെ പോകുന്ന കപ്പലുകളെ ആക്രമിക്കുന്നുണ്ട്. ഇസ്രയേലിന്റെ ആക്രമണം നേരിടുന്ന പലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടാണിത്. “മയേഴ്സ്ക് ഹാംഗ്ഷൗ’കണ്ടെയ്നറിനു നേർക്ക് നാലു ബോട്ടുകളിലാണ് ഹൂതികളെത്തിയത്. 20 മീറ്റർ അടുത്തെത്തിയ ഇവർ കപ്പലിൽ കയറാനുള്ള ശ്രമത്തിലായിരുന്നു. ഇതോടെ കപ്പൽ ജീവനക്കാർ യുഎസ് സേനയുടെ സഹായം തേടി. സമീപത്തുണ്ടായിരുന്ന യുഎസ് വിമാനവാഹിനിക്കപ്പൽ “ഐസനോവറി’ലെയും “ഗ്രേവ്ലി’എന്ന യുദ്ധക്കപ്പലിലെയും ഹെലികോപ്റ്ററുകൾ ഹൂതികളെ ആക്രമിക്കുകയായിരുന്നു.
മൂന്നു ബോട്ടുകൾ മുക്കിയെങ്കിലും ഒരു ബോട്ടിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കന്പനികളിലൊന്നായ മയേഴ്സിന്റെ ഉടമസ്ഥതയിലുള്ള കണ്ടെയ്നറാണിത്. ശനിയാഴ്ച ഹൂതികൾ ഇതേ കണ്ടെയ്നറിനു നേർക്കു മിസൈൽ പ്രയോഗിച്ചെങ്കിലും യുഎസ് യുദ്ധക്കപ്പലുകൾ അവയെ വെടിവച്ചിട്ടിരുന്നു. കണ്ടെയ്നർ വീണ്ടും ആക്രമണത്തിനിരയായ പശ്ചാത്തലത്തിൽ ചെങ്കടലിൽക്കൂടിയുള്ള ചരക്കുകടത്ത് രണ്ടു ദിവസത്തേക്കു നിർത്തിവച്ചതായി മയേഴ്സ് അറിയിച്ചു. മുൻപും ചെങ്കടൽയാത്ര നിർത്തിവച്ചിരുന്നതാണ്. ഹൂതികളുടെ കപ്പലാക്രമണങ്ങൾ തടയാൻ അമേരിക്കയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര നാവികസഖ്യം രൂപീകരിച്ചതിനുശേഷമാണ് മയേഴ്സ് സർവീസ് പുനരാരംഭിച്ചത്.
adsfdf