യുദ്ധം പുനരാരംഭിച്ചതോടെ കുട്ടികൾക്ക് ലോകത്തിലെ ഏറ്റവും അപകടം പിടിച്ച സ്ഥലമായി ഗസ്സ വീണ്ടും മാറിയെന്ന് യുനിസെഫ്

യുദ്ധം പുനരാരംഭിച്ചതോടെ കുട്ടികൾക്ക് ലോകത്തിലെ ഏറ്റവും അപകടം പിടിച്ച സ്ഥലമായി ഗസ്സ വീണ്ടും മാറിയെന്ന് കുട്ടികളുടെ ക്ഷേമത്തിന് വേണ്ടിയുള്ള ഐക്യ രാഷ്ട്രസഭ സംഘടനയായ യുനിസെഫ്. ഏഴു ദിവസത്തെ വെടിനിർത്തൽ വെള്ളിയാഴ്‌ച അവസാനിച്ചതോടെ, മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ തീവ്രമായ തോതിലാണ് അക്രമമെന്നും ദിവസവും നൂറുകണക്കിന് കുട്ടികൾ കൊല്ലപ്പെട്ടേക്കുമെന്നും യുനിസെഫ് മേധാവി കാതറിൻ റസ്സൽ പറഞ്ഞു. ‘ഭയാനകമായ പേടിസ്വപ്നത്തിൽ കഴിഞ്ഞിരുന്ന കുട്ടികൾക്ക് ഇക്കഴിഞ്ഞ ഏഴ് ദിവസം പ്രതീക്ഷയുടെ തിളക്കം ഉണ്ടായിരുന്നു. ഗസ്സയിൽ ബന്ദികളായ 30ലധികം കുട്ടികൾ മോചിതരായി. അവർ അവരുടെ കുടുംബങ്ങളുമായി ഒന്നിച്ചു. താൽക്കാലിക വെടിനിർത്തൽ ഗസ്സയിൽ ജീവൻരക്ഷാ സാധനങ്ങളുടെ വിതരണം ഊർജിതമാക്കാൻ സഹായിച്ചിരുന്നു’ −റസ്സൽ പറഞ്ഞു. കുട്ടികളുടെ സുരക്ഷക്ക് ശാശ്വതമായ വെടിനിർത്തൽ ആവശ്യമാണ്.
അന്താരാഷ്ട്ര മാനുഷിക നിയമം പാലിക്കണമെന്നും അതിന് അനുസൃതമായി കുട്ടികൾക്ക് സംരക്ഷണവും സഹായവും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും എല്ലാ കക്ഷികളോടും ആവശ്യപ്പെടുന്നു. ഫലസ്തീനിലെയും ഇസ്രായേലിലെയും കുട്ടികൾക്ക് സമാധാനം വേണം −യുനിസെഫ് മേധാവി പറഞ്ഞു.
sdfsf