വേലുപ്പിള്ള പ്രഭാകരന്റെ മകളാണെന്ന് അവകാശപ്പെട്ട് വന്ന യുവതിയുടെ വിഡിയോ വൈറലാവുന്നു

ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം(എൽ.ടി.ടി.ഇ) തലവൻ വേലുപ്പിള്ള പ്രഭാകരന്റെ മകളാണെന്ന് അവകാശപ്പെട്ട് രംഗത്തുവന്ന യുവതിയുടെ വിഡിയോ വൈറലാവുന്നു. സമൂഹമാധ്യമങ്ങളിൽ വ്യാപകമായി വിഡിയോ പ്രചരിക്കുന്നുണ്ട്. തമിഴ് ഈഴത്തിനായി ജീവൻ ബലിയർപ്പിച്ചവർക്ക് ആദരം നൽകുന്ന മാവീർ നാളിലാണ് യുവതി വിഡിയോയുമായി രംഗത്തെത്തിയത്. ദ്വാരക പ്രഭാകരൻ എന്ന് പരിചയപ്പെടുത്തിയ യുവതി പ്രധാനപ്പെട്ട ഒരു ദിവസമായതിനാലാണ് തന്റെ പേരും മറ്റ് വിവരങ്ങളും ഇന്ന് തന്നെ വെളിപ്പെടുത്തുന്നതെന്ന് പറഞ്ഞു. ഒരുപാട് ബുദ്ധിമുട്ടുകളും ചതികളും സഹിച്ചാണ് താൻ ഇവിടെ നിൽക്കുന്നത്. ഒരു ദിവസം ഈഴത്തിലെത്തി ജനങ്ങളെ സേവിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അവർ പറഞ്ഞു.
12 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിൽ വൻ രാജ്യങ്ങളുടെ പിന്തുണയില്ലാതെ ശ്രീലങ്കക്ക് എൽ.ടി.ടി.ഇയെ നേരിടാനാവില്ലെന്ന് പറയുന്നുണ്ട്. എൽ.ടി.ടി.ഇയുടെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടം തുടരും. വിദേശത്തുള്ള ലങ്കക്കാർ ശ്രീലങ്കയിലെ അടിച്ചമർത്തപ്പെട്ട തമിഴർക്കായി പ്രവർത്തിക്കണമെന്നും അവർ വിഡിയോയിൽ ആഹ്വാനം ചെയ്യുന്നുണ്ട്.സിംഹളക്കാർക്കെതിരെയല്ല തമിഴരുടെ പോരാട്ടം. തങ്ങളുടെ പോരാട്ടം ശ്രീലങ്കൻ സർക്കാറിനെതിരെയും അഴിമതിക്കാരായ രാഷ്ട്രീയക്കാർക്കെതിരെയുമാണ്. അതേസമയം, എ.ഐ ഉപയോഗിച്ച് തയാറാക്കിയതായാണ് വിഡിയോയെന്നാണ് ശ്രീലങ്കൻ സർക്കാറിന്റെ സംശയം. അന്വേഷണം ആരംഭിച്ചതായി ശ്രീലങ്ക അറിയിച്ചു.
srgdg