അധികാരമേറ്റ ചാൾസ് രാജാവിന്റെ ആദ്യ സ്വീകരണം ദക്ഷിണാഫ്രിക്കൻ പ്രസിഡന്റിന്

ബ്രിട്ടണിൽ ചാൾസ് മൂന്നാമൻ രാജാവായി അധികാരമേറ്റെടുത്തതിനു ശേഷം ആദ്യമായി ഒരു വിദേശ ഭരണാധികാരിക്ക് ഔദ്യോഗിക സ്വീകരണം നൽകി. എലിസബത്ത് രാജ്ഞിയുടെ മരണത്തിനു മുൻപെ ആസൂത്രണം ചെയ്തിരുന്നതാണ് ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ട് സിറിൽ റമാഫോസയുടെ സന്ദർശനം. 1000 ൽ അധികം സൈനികരും, 230 കുതിരപ്പടയാളികളും ഏഴ് സൈനിക ബാൻഡുകളും രണ്ട് സ്റ്റേറ്റ് കോച്ചസും ചേർന്ന ആഡംബരപൂർണ്ണമായ സ്വീകരണമായിരുന്നു ബക്കിങ്ഹാം കൊട്ടാരം ഒരുക്കിയിരുന്നത്.
യു കെയിൽ രണ്ടു ദിവസത്തെ ഔദ്യോഗിക പര്യടനത്തിനെത്തിയ ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ടിനെ രാജാവും രാജപത്നിയും, ഹോഴ്സ് ഗാർഡ്സ് പരേഡിലെത്തിയായിരുന്നു സ്വീകരിച്ചത്. അവർക്കൊപ്പം, ഇതുവരെ വഹിച്ചതിൽ ഏറ്റവും സുപ്രധാനമായ പങ്ക് വഹിച്ച് വില്യം രാജകുമാരനും കെയ്റ്റ് രാജകുമാരിയും അവർക്കൊപ്പം ഉണ്ടായിരുന്നു. ഇവർ നേരത്തേ പ്രസിഡണ്ട് താമസിക്കുന്ന ഹോട്ടലിലെത്തി അദ്ദേഹത്തെ കണ്ടിരുന്നു.
2019-ൽ അന്നത്തെ അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തിനു ശേഷം ബക്കിങ്ഹാം പാലസിൽ ഇതാദ്യമായിട്ടാണ് ഒരു വിദേശ രാഷ്ട്രത്തലവൻ ഔദ്യോഗിക സന്ദർശ്നത്തിനെത്തുന്നത്. അതുകൊണ്ടു തന്നെ അതി ഗംഭീരമായ ഒരു സ്വീകരണമായിരുന്നു ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ടിനായി ഒരുക്കിയിരുന്നത്. വിവിധ വിദേശ രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുവാനാണ് സാധാരണയായി ഇത്തരത്തിലുള്ള ഔദ്യോഗിക സന്ദർശനങ്ങൾ ഉന്നം വയ്ക്കുന്നത്. അതിൽ രാജകുടുംബം സുപ്രധാനമായ പങ്ക് വഹിക്കുന്നുമുണ്ട്.
രണ്ടു ദിവസമായി ലണ്ടനിൽ പെയ്തിറങ്ങിയ മഴ മാറി നിന്ന ആശ്വാസത്തിലായിരുന്നു കൊട്ടാരം അധികൃതർ. പ്രധാനമന്ത്രി ഋഷി സുനക്, മുതിർന്ന മന്ത്രിമാർ, ലണ്ടൻ മേയർ, സൈനിക മേധാവികൾ തുടങ്ങിയവരും റോയൽ പവലിയണിൽ സന്നിഹിതരായിരുന്നു. ഏകദേശം ഉച്ചക്ക് 12 മണിയോടെ വെയിൽസ് രാജകുമാരനും, രാജകുമാരിയും പ്രസിഡണ്ടും ഉൾപ്പടെയുള്ള ഘോഷയാത്ര കൊട്ടാര വളപ്പിൽ എത്തി. 41 ആചാരവെടികളോടെയായിരുന്നു കൊട്ടാരത്തിൽ എത്തിയ അതിഥിയെ സ്വീകരിച്ചത്.
ആരോഗ്യപരമായ കാരണങ്ങളാൽ ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ടിന്റെ പത്നിക്ക് സന്ദർശനത്തിനെത്താൻ കഴിഞ്ഞില്ല. ഏകനായി എത്തിയ രാംഫോസയെ രാജാവും രാജപത്നിയും ചേർന്ന് സ്വീകരിച്ചു. ദക്ഷിണാഫ്രിക്കൻ ദേശീയഗാനം മുഴങ്ങിയപ്പോൾ ആദരവോടെ എല്ലാവരും നിന്നു. തുടർന്ന് ഗാർഡ് ഓഫ് ഓണർ പരിശോധിക്കാനായി രാജാവ് ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ടിനെ ക്ഷണിച്ചു.
ഇന്നലെ രാത്രി ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ടിനെ ആദരിച്ചുകൊണ്ടുള്ള ഔദ്യോഗിക വിരുന്നിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് കെയ്റ്റ് രാജകുമാരി തന്നെയായിരുന്നു. മൂന്ന് വർഷത്തിനു ശേഷം ബക്കിങ്ഹാം പാലസിൽ നടക്കുന്ന ഒരു ഔദ്യോഗിക വിരുന്നിൽ പങ്കെടുക്കാൻ രത്നാഭരണങ്ങൾ അണിഞ്ഞെത്തിയ കെയ്റ്റ്എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി മാറി. എഡ്വേർഡ് രാജകുമാരൻ ഉൾപ്പടെയുള്ള മറ്റ് രാജകുടുംബാംഗങ്ങളും വിരുന്നിൽ പങ്കെടുത്തു.
അതേസമയം, എലിസബത്ത് രാജ്ഞിയുടെ സ്മരണകൾ ഉയർത്തിക്കൊണ്ടായിരുന്നു കാമില രാജ്ഞി വിരുന്നിൽ പങ്കെടുത്തത്. എലിസബത്ത് രാജ്ഞിയുടേ ജോർജ്ജ് ആറാമൻ സഫയർ ടിയര അണിഞ്ഞായിരുന്നു അവർ വിരുന്നിൽ രാജാവിനൊപ്പം പങ്കെടുത്തത്. കടും നീലവസ്ത്രമണിഞ്ഞ് തികച്ചും രാജകീയമായി തന്നെയായിരുന്നു ബ്രിട്ടന്റെ രാജപത്നി വിരുന്നിനെത്തിയത്. നേരത്തേ റുവാണ്ടയിൽ കോമൺവെല്ത്ത് രഷ്ട്രത്തലവന്മാർക്ക്, രാജാവിനൊപ്പം ചേർന്ന് വിരുന്ന് നൽകിയപ്പോഴും അവർ ഇതേ വസ്ത്രമായിരുന്നു അണിഞ്ഞിരുന്നത്.
aaa