ജയിൽ നിറക്കാൻ ആഹ്വാനം നൽകി ഇംറാൻ ഖാൻ

ജയിൽ നിറക്കാൻ ആഹ്വാനം നൽകി പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് മേധാവിയുമായ ഇംറാൻ ഖാൻ. ഇംറാന്റെ അറസ്റ്റ് നടന്നേക്കുമെന്ന ഊഹാപോഹങ്ങൾക്കിടെയാണ് ജയിൽ നിറക്കൽ ആഹ്വാനവുമായി അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.പാകിസ്താൻ മുസ്‍ലിം ലീഗ് നവാസ്, പാകിസ്താൻ പീപ്പ്ൾസ് പാർട്ടി സംയുക്ത ഭരണത്തെ എതിർത്തുകൊണ്ടാണ് 'ജയിൽ ഭാരോ തെഹ്‍രീക്' (ജയിൽ നിറക്കുക) ആരംഭിക്കുകയെന്ന് ഇംറാൻ പറഞ്ഞു. പി.ടി.ഐ അനുകൂലികളെ തടങ്കലിലിടുമെന്ന സർക്കാർ ഭീഷണിക്കെതിരെ ശനിയാഴ്ച മിയാൻവാലിയിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് ഇംറാന്റെ മുന്നറിയിപ്പ്.
ലക്ഷക്കണക്കിന് പേർ ജയിൽ നിറക്കാൻ തയാറായി നിൽപ്പുണ്ട്. അതിനാൽ ഞങ്ങൾക്ക് അറസ്റ്റ് ചെയ്യപ്പെടുമെന്ന് ഭയക്കുന്നില്ല. ഉടൻ തന്നെ ഞാൻ ജയിൽ നിറക്കൽ ആഹ്വാനം നടത്താൻ പോവുകയാണ്. രാജ്യത്തിന്റെ യഥാർഥ സ്വാതന്ത്ര്യത്തിന് വേണ്ടി ജീവിതം ത്യജിക്കാൻ തയാറാണെന്നും ഇംറാൻ ഖാൻ പറഞ്ഞു. തന്റെ പാർട്ടിക്ക് പ്രതിഷേധത്തിനായി സർക്കാരിനേക്കാൾ മികച്ച പദ്ധതികളുണ്ടെന്ന് ആസാദി മാർച്ചിന് മുന്നോടിയായി ഖാൻ പറഞ്ഞു.
പി.ടി.ഐക്കെതിരെ 'ഇറക്കുമതി ചെയ്ത' സർക്കാർ കൊണ്ടുവരുന്ന എല്ലാ പദ്ധതികളും പരാജയപ്പെടുകയും അവർ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ നിർബന്ധിതരാകുകയും ചെയ്യുമെന്നും ഖാൻ കൂട്ടിച്ചേർത്തു. ഖാൻ അറസ്റ്റ് ചെയ്യപ്പെടുകയോ വീട്ടുതങ്കലിലാവുകയോ ചെയ്യാൻ സാധ്യതയുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പാക് ആഭ്യന്തരമന്ത്രി റാണാ സനാവുല്ല ഇംറാനെതിരെ കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ടിരുന്നു. ആസാദി മാർച്ചിനിടെ ഇംറാനെ അറസ്റ്റ് ചെയ്യാനുള്ള പദ്ധതിയും പാക് സർക്കാർ തയാറാക്കിയിട്ടുണ്ട്.
chc