സി.ജെ. റോയിയുടെ മരണം: തോക്ക് ഫോറൻസിക് പരിശോധനയ്ക്ക്; സംസ്കാരം ഇന്ന്
ഷീബ വിജയൻ
ബംഗളൂരു: ആദായനികുതി റെയ്ഡിനിടെ സ്വയം വെടിവെച്ച് മരിച്ച പ്രമുഖ വ്യവസായിയും കോൺഫിഡന്റ് ഗ്രൂപ്പ് ഉടമയുമായ സി.ജെ. റോയിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. ബെന്നാർഘട്ട റോഡ് കൽക്കെരെയിലുള്ള നേച്ചേഴ്സ് ലക്ഷ്വറി റിസോർട്ടിൽ അന്ത്യവിശ്രമം ഒരുക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം അവിടെയാണ് സംസ്കാരം നടക്കുക. രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ ഇവിടെ പൊതുദർശനം ഉണ്ടായിരിക്കും. തുടർന്ന് കൽക്കെരെ സെന്റ് ജോസഫ്‌സ് പള്ളിയിലെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചകഴിഞ്ഞ് 2.30-ഓടെ സംസ്കാര ചടങ്ങുകൾ ആരംഭിക്കും. വിദേശത്തായിരുന്ന ഭാര്യ ലിനിയും മക്കളും ബംഗളൂരുവിൽ എത്തിയിട്ടുണ്ട്. ഇവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി.
മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കാൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. റോയി വെടിയുതിർക്കാൻ ഉപയോഗിച്ച തോക്ക് പോലീസ് കസ്റ്റഡിയിലെടുത്ത് ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. തോക്കിൽ സൈലൻസർ ഘടിപ്പിച്ചിരുന്നതായി സൂചനയുള്ളതിനാലാണ് വെടിയൊച്ച പുറത്തുകേൾക്കാതിരുന്നത് എന്ന് കരുതപ്പെടുന്നു. മൃതദേഹത്തിൽ നിന്ന് 6.35 എംഎം ബുള്ളറ്റ് കണ്ടെടുത്തിരുന്നു. വെടിയുണ്ട നെഞ്ചിന്റെ ഇടതുഭാഗം തുളച്ചുകയറി ഹൃദയത്തെയും ശ്വാസകോശത്തെയും തകർത്തതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കൂടാതെ, റോയിയുടെ രണ്ട് മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തു.
ഡിസംബർ മുതൽ കോൺഫിഡന്റ് ഗ്രൂപ്പിന്റെ വിവിധ സ്ഥാപനങ്ങളിൽ നടന്ന ആദായനികുതി റെയ്ഡിനെ തുടർന്ന് റോയി വലിയ മാനസിക സമ്മർദ്ദത്തിലായിരുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മണിയോടെ, തന്റെ കാബിനിലെ ഫയലുകൾ എടുത്തു വരാമെന്ന് ഐടി ഉദ്യോഗസ്ഥരോട് പറഞ്ഞ് അകത്തേക്ക് പോയതിന് പിന്നാലെയാണ് അദ്ദേഹം ജീവനൊടുക്കിയത്. ചോദ്യം ചെയ്യലുകളോട് സഹകരിച്ചിരുന്നിട്ടും റെയ്ഡിനിടെ തോക്ക് എങ്ങനെ കൈവശം വന്നു എന്നതിലും റെയ്ഡ് സംബന്ധിച്ച മറ്റ് ആരോപണങ്ങളിലും പോലീസ് വ്യക്തത തേടുന്നുണ്ട്. വൻകിട വ്യവസായിയുടെ അപ്രതീക്ഷിത വിയോഗം മലയാളി സമൂഹത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
dsdfsdfs


