വാഹനാപകട ഇൻഷുറൻസ് തുകയ്ക്ക് നികുതിയില്ല; പുതിയ അഞ്ച് മെഡിക്കൽ ഹബ്ബുകൾ
ഷീബ വിജയൻ
ന്യൂഡൽഹി: സാധാരണക്കാർക്ക് വലിയ ആശ്വാസം നൽകിക്കൊണ്ട് വാഹനാപകട ഇൻഷുറൻസ് തുകയെ ആദായനികുതിയിൽ നിന്ന് ഒഴിവാക്കിയതായി ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. മോട്ടോർ ആക്‌സിഡന്റ് ക്ലെയിംസ് ട്രിബ്യൂണൽ (MACT) വഴി വ്യക്തികൾക്ക് ലഭിക്കുന്ന നഷ്ടപരിഹാരത്തുകയുടെ പലിശയ്ക്കും ഇനി മുതൽ നികുതി നൽകേണ്ടതില്ല. പുതിയ ആദായനികുതി നിയമം 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരും. ഇതോടൊപ്പം ആദായനികുതി റിട്ടേൺ ഫയൽ ചെയ്യാനുള്ള സമയം മാർച്ച് 31 വരെ നീട്ടിയിട്ടുണ്ട്.
ചെറിയ നികുതി വെട്ടിപ്പുകൾ നടത്തുന്നവർക്ക് കഠിന ശിക്ഷയ്ക്ക് പകരം പിഴ മാത്രം ഈടാക്കാനും ബജറ്റിൽ നിർദ്ദേശമുണ്ട്. സഹകരണ മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പ്രാഥമിക സഹകരണ സംഘങ്ങൾക്ക് നികുതി ഇളവുകൾ അനുവദിച്ചു.
പതിനാറാം ധനകാര്യ കമ്മീഷന്റെ ശുപാർശകൾ കേന്ദ്ര സർക്കാർ അംഗീകരിച്ചതായും ധനമന്ത്രി അറിയിച്ചു. ഇതനുസരിച്ച് കേന്ദ്ര നികുതി വിഹിതത്തിന്റെ 41 ശതമാനം സംസ്ഥാനങ്ങൾക്ക് ലഭിക്കും. നികുതി വിഹിതം 50 ശതമാനമായി ഉയർത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം പരിഗണിച്ചില്ല. എങ്കിലും 16-ാം ധനകാര്യ കമ്മീഷൻ നിർദ്ദേശിച്ചതനുസരിച്ച് സംസ്ഥാനങ്ങൾക്കായി 1.4 ലക്ഷം കോടി രൂപയുടെ ഗ്രാൻഡ് അനുവദിച്ചിട്ടുണ്ട്. 2025-26 സാമ്പത്തിക വർഷത്തിൽ രാജ്യത്തിന്റെ ധനക്കമ്മി 4.4 ശതമാനത്തിൽ നിർത്തുമെന്നും ബജറ്റ് പ്രസംഗത്തിൽ മന്ത്രി വ്യക്തമാക്കി.
പുതിയ അഞ്ച് മെഡിക്കൽ ഹബ്ബുകൾ സ്ഥാപിക്കുമെന്ന് പ്രഖ്യാപനം. പുതിയ മൂന്ന് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ സ്ഥാപിക്കും. ആയുഷ് ഫാർമസികൾ നവീകരിക്കുമെന്നും ധനമന്ത്രി പറഞ്ഞു.മെഡിക്കൽ ടൂറിസത്തിന് സ്വകാര്യ പങ്കാളിത്തത്തോടെ ഹബ്ബുകൾ നിര്‍മിക്കും. ആയുര്‍വേദ ഉല്‍പന്നങ്ങളുടെ കയറ്റുമതി വര്‍ധിപ്പിക്കുമെന്നും പ്രഖ്യാപനം.വെറ്ററിനറി, പാരാ വെറ്ററിനറി കോളജുകള്‍ വര്‍ധിപ്പിക്കും. ഡിസൈനര്‍മാരെ വാര്‍ത്തെടുക്കാന്‍ പുതിയ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ കിഴക്കന്‍ സംസ്ഥാനത്താണ് ആരംഭിക്കുക. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 5 യൂണിവേഴ്സിറ്റി ടൗൺഷിപ്പുകൾ സ്ഥാപിക്കും. രാജ്യത്തെ എല്ലാ ജില്ലകളിലും പെൺകുട്ടികൾക്ക് വേണ്ടി ഹോസ്റ്റൽ സ്ഥാപിക്കും.സേവനമേഖലയിൽ എഐയുടെ ആഘാതം പഠിക്കുവാൻ പ്രത്യേക പാനൽ രൂപീകരിക്കും. എഐ സാങ്കേതിക സവിദ്യ പ്രോത്സാഹിപ്പിക്കാൻ കൂടുതൽ നിക്ഷേപം കൊണ്ടുവരും.
adaaesddesa


