ഒൻപതാം ബജറ്റ് ഇന്ന്: പ്രത്യേക പാക്കേജ് പ്രതീക്ഷിച്ച് കേരളം; തിളങ്ങി നിർമല സീതാരാമൻ
ഷീബ വിജയൻ
ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കുന്ന രണ്ടാം മോദി സർക്കാരിന്റെ സുപ്രധാന ബജറ്റ് ഇന്ന് ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിക്കും. ഒൻപതാം തവണയാണ് നിർമല സീതാരാമൻ ബജറ്റ് അവതാരകയാകുന്നത്. ആദായനികുതി സ്ലാബുകളിൽ മാറ്റം വരുത്തിക്കൊണ്ട് ഇടത്തരക്കാർക്ക് വലിയ ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകുമെന്നാണ് പൊതുവായ പ്രതീക്ഷ. ഒപ്പം വികസന പദ്ധതികൾക്കായി പ്രത്യേക പാക്കേജ് കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ബജറ്റ് പ്രഖ്യാപനങ്ങൾ പോലെ തന്നെ ഇക്കുറിയും ധനമന്ത്രിയുടെ വേഷവിധാനവും ശ്രദ്ധാകേന്ദ്രമായി. ഇന്ത്യൻ കൈത്തറി മേഖലയോടുള്ള തന്റെ താൽപര്യം വീണ്ടും ഊട്ടിയുറപ്പിച്ചുകൊണ്ട്, മനോഹരമായ പർപ്പിൾ കാഞ്ചീപുരം സാരി ധരിച്ചാണ് മന്ത്രി പാർലമെന്റിലെത്തിയത്. പർപ്പിൾ നിറത്തിലുള്ള സാരിയിൽ സ്വർണ്ണനിറത്തിലുള്ള ചെറിയ കള്ളികളും കോഫി ബ്രൗൺ നിറത്തിലുള്ള കസവ് ബോർഡറുകളും സാരിക്ക് കൂടുതൽ പ്രൗഢി നൽകി. തമിഴ്‌നാടിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ലളിതവും എന്നാൽ ഗംഭീരവുമായ ലുക്കാണ് മന്ത്രി സ്വീകരിച്ചത്. തമിഴ്‌നാട് സ്വദേശിയായ നിർമല സീതാരാമൻ തന്റെ മുൻപത്തെ എട്ട് ബജറ്റുകളിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കൈത്തറി സാരികളാണ് ധരിച്ചിരുന്നത്. ഒഡീഷയിലെ കട്കി, മംഗൾഗിരി, സിൽക്ക് സംബൽപുരി എന്നിങ്ങനെ വൈവിധ്യമാർന്ന വസ്ത്രങ്ങളിലൂടെ ഇന്ത്യൻ നെയ്ത്തുകാരുടെ കലാവൈഭവത്തെ അവർ ലോകത്തിന് മുന്നിൽ പ്രദർശിപ്പിച്ചു. ഡിജിറ്റൽ യുഗത്തിൽ ടാബ്‌ലറ്റ് ഉപയോഗിച്ച് ബജറ്റ് വായിക്കുമ്പോഴും ഭാരതീയ പാരമ്പര്യം വസ്ത്രധാരണത്തിൽ നിലനിർത്താൻ അവർ ശ്രദ്ധിക്കുന്നു. രാവിലെ രാഷ്ട്രപതിയെ സന്ദർശിച്ച ശേഷം ചുവന്ന ഉറയിട്ട ടാബ്‌ലറ്റുമായി പാർലമെന്റിലേക്ക് എത്തുന്ന മന്ത്രിയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
dsdsadsdsa


