കേരളത്തിന് വൻ പദ്ധതികളില്ല; ആശ്വാസം ടൂറിസം മേഖലയിലും കാർഷിക പദ്ധതികളിലും
ഷീബ വിജയൻ
ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന കേരളത്തിന് ഇത്തവണത്തെ കേന്ദ്രബജറ്റ് മൊത്തത്തിൽ നിരാശയാണ് സമ്മാനിച്ചത്. സംസ്ഥാനം ഉന്നയിച്ചിരുന്ന പ്രധാന ആവശ്യങ്ങളായ എയിംസ് (AIIMS), അതിവേഗ റെയിൽവേ എന്നിവയിൽ ഇക്കുറിയും അനുകൂല തീരുമാനമുണ്ടായില്ല. എയിംസ് കേരളത്തിന് ലഭിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർ നേരത്തെ സൂചനകൾ നൽകിയിരുന്നെങ്കിലും ബജറ്റ് പ്രഖ്യാപനത്തിൽ കേരളം തഴയപ്പെട്ടു. രാജ്യത്ത് ഏഴ് പുതിയ അതിവേഗ റെയിൽ പദ്ധതികൾ പ്രഖ്യാപിച്ചപ്പോഴും അതിൽ കേരളം ഇടംപിടിച്ചില്ല.
അപൂർവ ധാതു ഖനന ഇടനാഴി പദ്ധതിയിൽ കേരളത്തെ ഉൾപ്പെടുത്തിയത് മാത്രമാണ് വൻകിട പദ്ധതികളിൽ ഏക ആശ്വാസമായി പറയാനുള്ളത്. എന്നാൽ ഇത് കേരളത്തിന് മാത്രമായുള്ള പദ്ധതിയല്ല എന്നതും പല സംസ്ഥാനങ്ങളെ കോർത്തിണക്കിയുള്ള ഒരു ഇടനാഴിയാണെന്നതും ഇതിന്റെ പ്രയോജനം കുറച്ചേക്കാം. കേരളം തനതായി ആവശ്യപ്പെട്ടിരുന്ന രീതിയിലുള്ള ഖനന പദ്ധതിയല്ല കേന്ദ്രം വിഭാവനം ചെയ്തിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
ബജറ്റിൽ കേരളത്തിന് ഗുണകരമായേക്കാവുന്ന ചില ടൂറിസം പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. തീരദേശ ടൂറിസം പദ്ധതിയുടെ ഭാഗമായി കടലാമകളുടെ പ്രജനനം നടക്കുന്ന മേഖലകൾ സംരക്ഷിക്കുന്നതിനുള്ള നിരീക്ഷണ പദ്ധതിയിൽ കേരളത്തെ ഉൾപ്പെടുത്തി. സാഹസിക ടൂറിസത്തിന്റെ ഭാഗമായുള്ള ട്രക്കിംഗ് പ്രോത്സാഹന പദ്ധതികളും ടൂറിസ്റ്റ് ഗൈഡുകൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനം നൽകുന്നതും കേരളത്തിലെ ടൂറിസം മേഖലയ്ക്ക് കരുത്താകും.
നാണ്യവിളകൾക്കും തോട്ടവിളകൾക്കും നൽകിയ പ്രാധാന്യം കേരളത്തിന് നേട്ടമാകാൻ സാധ്യതയുണ്ട്. നാളികേരം, കശുവണ്ടി, കൊക്കോ എന്നീ വിളകളുടെ ഉൽപാദനവും വിപണനവും മെച്ചപ്പെടുത്താനുള്ള പ്രത്യേക പദ്ധതികളും ചന്ദന കൃഷി പ്രോത്സാഹിപ്പിക്കാനുള്ള പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്. കൂടാതെ, പുതിയ ആയുർവേദ പദ്ധതികളും ആയുഷ് ഫാർമസികളുടെ നവീകരണവും കേരളത്തിലെ ആയുർവേദ ടൂറിസത്തിന് പുതിയ ഉണർവ് നൽകും. വൻകിട പശ്ചാത്തല വികസന പദ്ധതികളിൽ കേരളം പിന്നിലായെങ്കിലും, പരമ്പരാഗത മേഖലകളിലെ പ്രഖ്യാപനങ്ങൾ പ്രായോഗികമായി നടപ്പിലാക്കുന്നത് സംസ്ഥാനത്തിന് ചെറിയ തോതിൽ ഗുണകരമാകും.
sadsdsaeads


