ഇന്തോനേഷ്യയിൽ ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 174 ആയി

ഇന്തോനേഷ്യയിൽ ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ സംഘർഷത്തിൽ മരിച്ചവരുടെ എണ്ണം 174 ആയി. കിഴക്കൻ ജാവ ദുരന്തനിവാരണ വകുപ്പ് ആണ് മരണ സംഖ്യ പുറത്തുവിട്ടത്. ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം മരണ സംഖ്യ 129 ആയിരുന്നു. പിന്നീട് ഇത് 158 ആയും 174 ആയും ഉയർന്നു. 180 ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. കിഴക്കൻ ജാവയിലെ മലംഗിൽ ഫുട്ബോൾ സ്റ്റേഡിയത്തിൽ ശനിയാഴ്ച രാത്രിയായിരുന്നു ദുരന്തം. അരേമ എഫ്‌സിയും പെർസെബയ സുരബായയും തമ്മിലുള്ള മത്സരത്തിനു ശേഷം കാണികൾ കലാപം അഴിച്ചുവിടുകയായിരുന്നു.
മത്സരത്തിൽ തോറ്റ അരേമ എഫ്സിയുടെ ആരാധകരുടെ രോഷപ്രകടനമാണ് കുഴപ്പം സൃഷ്ടിച്ചത്. മൽസരശേഷം മൈതാനത്തേക്ക് ഇരച്ചുകയറിയ കാണികളെ ഒഴിപ്പിക്കാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. ഇതിനിടെയാണ് ആളുകൾ തിക്കിലും തിരക്കിലും പെട്ടത്.
ഫൈനൽ വിസിൽ മുഴങ്ങിയതും കാണികൾ മൈതാനത്തേക്ക് ഇരച്ചുകയറുകയായിരുന്നു. മരിച്ചവരിൽ രണ്ട് പോലീസുകാരും ഉൾപ്പെടുന്നു. 34 പേർ മൈതാനത്തു തന്നെ മരിച്ചുവീണു. മറ്റുള്ളവർ ആശുപത്രിയിൽ എത്തിയ ശേഷമാണ് മരിച്ചത്. പുറത്തേക്കുള്ള ഒരു വഴിയിലൂടെ തന്നെ പുറത്തിറങ്ങാൻ ആളുകൾ തിക്കിത്തിരക്കിയതാണ് അപകടത്തിനു കാരണമായത്.
zhx