അഫ്ഗാനിൽ കാണാതായ പാക് മാധ്യമപ്രവർത്തകൻ സുരക്ഷിതൻ


അഫ്ഗാനിസ്താനിൽ താലിബാൻ സർക്കാരിന്റെ അധികാരത്തിലേറിയതിന്റെ ഒന്നാംവാർഷികം റിപ്പോർട്ട് ചെയ്യാൻ പോയി കാണാതായ പാക് മാധ്യമപ്രവർത്തകൻ സുരക്ഷിതൻ. അനസ് മാലികിനെയാണ് കാണാതായത്. മാലികിനെ താലിബാൻ തട്ടിക്കൊണ്ട് മർദ്ദിക്കുകയായിരുന്നു. മാധ്യമപ്രവർത്തകൻ ജീവനോടെയുണ്ടെന്ന വിവരം അഫ്ഗാനിലെ പാക് അംബാസഡർ മൻസൂർ അഹ്മദ് ഖാൻ ആണ് അറിയിച്ചത്.

ഇന്ത്യയിലെ ഡബ്ല്യു.ഐ.ഒ.എൻ ചാനലിലാണ് മാലിക് ജോലി ചെയ്യുന്നത്. ബുധനാഴ്ച അഫ്ഗാനിലെത്തിയ ഇദ്ദേഹത്തെ വ്യാഴാഴ്ച രാത്രിയോടെ കാണാതാവുകയായിരുന്നു. കൂടെയുണ്ടായിരുന്ന മാധ്യമപ്രവർത്തകയാണ് മാലിക്കിനെ കാണാനില്ലെന്ന വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. മാലിക്കിനെ ഫോണിൽ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും അദ്ദേഹം അപ്രത്യക്ഷനായെന്നും കാബൂളിലെ പാകിസ്താനിലെ എംബസിയെ അറിയിക്കുകയും ചെയ്തു. അതിനു ശേഷമാണ് മാലിക് കാബൂളിൽ സുരക്ഷിതനായിരിക്കുന്നുവെന്ന് പാക് അംബാസഡർ സ്ഥിരീകരിച്ചത്.

മാലിക് സുരക്ഷിതനാണെന്ന് പാകിസ്താൻ വിദേശകാര്യമന്ത്രി ബിലാവൽ ഭുട്ടോയും ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. യു.എസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട അൽഖാഇദ നേതാവിന്റെ സുരക്ഷിത താവളത്തെ കുറിച്ച് റിപ്പോർട്ട് നൽകിയതിനു പിന്നാലെയാണ് ഇദ്ദേഹത്തെ കാണാതായത്.

താലിബാൻ അധികൃതർ ക്രൂരമായി മർദ്ദിച്ചതായി രക്ഷപ്പെട്ട ശേഷം മാലിക് വിവരിക്കുന്നുണ്ട്. കണ്ണുകൾ കെട്ടി, കൈകൾ ബന്ധിച്ചാണ് മാലിക്കിനെയും സംഘത്തെയും കൊണ്ടുപോയത്. പുലിറ്റ്സർ പുരസ്കാര ജേതാവായ ഇന്ത്യൻ മാധ്യമ പ്രവർത്തകൻ ഡാനിഷ് സിദ്ദീഖിയെ താലിബാൻ കൊലപ്പെടുത്തിയിരുന്നു. റോയിട്ടേഴ്സിന്റെ ചീഫ് ഫോട്ടോഗ്രാഫറായിരുന്നു സിദ്ദീഖി. കാന്തഹാറിലെ സ്പിൻ ബോൾഡാകിൽ വെച്ചാണ് ഇദ്ദേഹം കൊല്ലപ്പെട്ടത്.

You might also like

Most Viewed