'ആകാശത്ത് പ്രകാശഗോളങ്ങള്‍; ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ച് ചൈനീസ് റോക്കറ്റ്'


ചൈനയുടെ ലോങ് മാർച്ച് 5 ബിവൈ 3 റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിക്കുന്നതിനു മുൻപുള്ള ദൃശ്യങ്ങൾ പുറത്ത്. രാത്രിയിൽ ആകാശത്ത് പ്രകാശവർണം തീർത്ത ശേഷമായിരുന്നു റോക്കറ്റിന്റെ പതനം. ജൂലൈ 24ന് വിക്ഷേപിച്ച റോക്കറ്റ് നിയന്ത്രണം വിട്ട് ഭൂമിയിലേക്ക് തിരിച്ചുവരികയായിരുന്നു. ശനിയാഴ്ചയാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചത്. നിരുത്തരവാദപരവും അപകടകരവുമായ പ്രവൃത്തിയാണ് ചൈനയുടേതെന്ന് നാസ കുറ്റപ്പെടുത്തി. ലോങ് ബിയുടെ സഞ്ചാരപാതയുടെ വിവരങ്ങൾ നൽകുന്നതിൽ ചൈന വീഴ്ച വരുത്തിയെന്നും നാസ അഡ്മിനിസ്ട്രേറ്ററും മുൻ ബഹിരാകാശസഞ്ചാരിയുമായ ബിൽ നെൽസൺ ആരോപിച്ചു.

മലേഷ്യയിലെ കുച്ചിങ് സിറ്റിയിൽനിന്നും പകർത്തിയ ലോങ് ബിയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ഭ്രമണപഥത്തിൽ നിർമാണത്തിലിരിക്കുന്ന പുതിയ ചൈനീസ് ബഹിരാകാശ നിലയത്തിലേക്ക് ലബോറട്ടറി മൊഡ്യൂൾ എത്തിക്കുന്നതിനായാണ് ലോങ് മാർച്ച് 5 ബിവൈ വിക്ഷേപിച്ചത്. 2020ന് ശേഷമുള്ള ചൈനയുടെ ഏറ്റവും ശക്തമായ മൂന്നാമത്തെ റോക്കറ്റ് വിക്ഷേപണമായിരുന്നു ഇത്. 21 ടൺ ഭാരമുണ്ട് ലോങ് ബിയ്ക്ക്.
കഴിഞ്ഞ വർഷങ്ങളിലും ചൈനീസ് ബഹിരാകാശ സംവിധാനങ്ങൾ ലോകത്തിനു ഭീഷണിയുയർത്തിയിട്ടുണ്ട്. 2018 ഏപ്രിൽ രണ്ടിനു ചൈനയുടെ ടിയാൻഗോങ് 1 ബഹിരാകാശ നിലയം അനിയന്ത്രിതമായി തിരിച്ചിറങ്ങി പ്രതിസന്ധി സൃഷ്ടിച്ചു കടലിൽ വീണു. കഴിഞ്ഞ മേയിൽ മറ്റൊരു ലോങ് മാർച്ച് 5 ബി റോക്കറ്റ് ആഫ്രിക്കയിലെ ഐവറി കോസ്റ്റിനു സമീപം തകർന്നു വീണിരുന്നു.

You might also like

Most Viewed