ഇറാഖിൽ പ്രതിഷേധക്കാർ ആഴ്ചയിൽ രണ്ടാം തവണയും പാർലമെന്റിൽ പ്രതിഷേധിച്ചു


പൊതുതെരഞ്ഞെടുപ്പു കഴിഞ്ഞ് പത്തുമാസം പിന്നിട്ടിട്ടും സർക്കാർ രൂപീകരിക്കാൻ കഴിയാത്തതിനെതിരേ ഇറാക്കിൽ പ്രതിഷേധക്കാർ പാർലമെന്‍റിൽ കടന്നുകയറി. ഇറാന്‍റെ പിന്തുണയോടെ സർക്കാർ രൂപീകരിക്കാനുള്ള ശ്രമങ്ങൾക്കെതിരേ ഷിയാ പുരോഹിതൻ മുഖ്താദ അൽ സദറിന്‍റെ ആയിരക്കണക്കിനു വരുന്ന അനുയായികളും പൊതുജനങ്ങളുമാണ് പ്രതിഷേധിച്ചത്. ഈ മാസം രണ്ടാംതവണയായിരുന്നു പാർലമെന്‍റിനുള്ളിൽ കടന്നുള്ള പ്രതിഷേധം.

പ്രകടനക്കാർ പാർലമെന്‍റിനുള്ളിലെ മേശകളിലൂടെ നടന്നും ഇരുന്നും ദേശീയപതാക വീശിയും പാട്ടുപാടിയുമാണു പ്രതിഷേധിച്ചത്. അംഗങ്ങളാരും പാർലമെന്‍റ് മന്ദിരത്തിൽ ഉണ്ടായിരുന്നില്ല. തുടക്കത്തിൽ സുരക്ഷാസേനാംഗങ്ങൾ കണ്ണീർവാതകവും ശബ്ദബോംബുകളും പ്രയോഗിച്ച് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ശ്രമിച്ചു. സംഘർഷത്തിൽ നിരവധി പേർക്കു പരിക്കേറ്റതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു. പരിക്കേറ്റ 60 പേർ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ആരോഗ്യമന്ത്രാലയം സ്ഥിരീകരിച്ചു.

പ്രതിഷേധക്കാരെ സംരക്ഷിക്കണമെന്ന് കാവൽ പ്രധാനമന്ത്രി മുസ്തഫ അൽ ഖാദിമി സുരക്ഷാസേനാംഗങ്ങൾക്കു നിർദേശം നൽകിയിരുന്നു. സമാധാനപരമായി പ്രതിഷേധിക്കണമെന്ന് സമരക്കാരോട് അദ്ദേഹം നിർദേശിക്കുകയും ചെയ്തു.

You might also like

Most Viewed