പാകിസ്താനിൽ വിവാഹസംഘം സഞ്ചരിച്ച ബോട്ട് മറിഞ്ഞ് 19 സ്ത്രീകൾ മരിച്ചു

പാകിസ്താനിലെ പഞ്ചാബ്-സിന്ധ് അതിർത്തിക്കുസമീപം വിവാഹസംഘം സഞ്ചരിച്ച ബോട്ട് സിന്ധു നദിയിലേക്ക് മറിഞ്ഞ് 19 സ്ത്രീകൾ മരിച്ചു. നൂറുപേരടങ്ങിയ വിവാഹ സംഘം പഞ്ചാബിലെ രജൻപൂരിൽ നിന്നും മച്ചയിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ബോട്ടിന് താങ്ങാൻ കഴിയുന്നതിനേക്കാളും ആളുകൾ കയറിയതും നദിയിലെ ഉയർന്ന നീരൊഴുക്കുമാണ് അപകടകാരണമെന്നാണ് റിപ്പോർട്ടുകൾ. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
നീന്തൽ വിദഗ്ധരുൾപ്പടെ 30 ഓളം രക്ഷാപ്രവർത്തകർ തെരച്ചലിൽ പങ്കെടുക്കുന്നതായി റഹിം യാർ ഘാൻ ഡെപ്യൂട്ടി കമ്മീഷണർ സയ്യിദ് മൂസ റാസ മാധ്യമങ്ങളോട് പറഞ്ഞു. 19 മൃതദേഹങ്ങൾ കണ്ടെത്തിയിട്ടുണ്ട്. എല്ലാം സ്ത്രീകളുടേതാണ്. അപകടത്തിൽപ്പെട്ട വിവാഹസംഘത്തിലെ മറ്റ് അംഗങ്ങൾക്കായുള്ള തെരച്ചിൽ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭവത്തിൽ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അനുശോചനം രേഖപ്പെടുത്തി.