ഇൻഡിഗോ എയർലൈൻസ് ആഗസ്റ്റ് രണ്ട് മുതൽ ബഹ്റൈനിൽനിന്ന് സർവീസ് ആരംഭിക്കും

പ്രമുഖ ഇന്ത്യൻ വിമാനക്കമ്പനിയായ ഇൻഡിഗോ എയർലൈൻസ് ആഗസ്റ്റ് രണ്ട് മുതൽ ബഹ്റൈനിൽനിന്ന് സർവീസ് ആരംഭിക്കും. ഇതിന്റെ ഭാഗമായി ഇന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലേക്കുള്ള ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു. ആഗസ്റ്റ് രണ്ടിന് ബഹ്റൈനിൽനിന്ന് കോഴിക്കോട്ടേക്കും കൊച്ചിയിലേക്കും പുറപ്പെടുന്ന വിമാനങ്ങളിൽ 67 ദിനാറാണ് ടിക്കറ്റ് നിരക്ക് പ്രഖ്യാപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള എല്ലാ സർവീസുകളും മുംബൈ വഴി ആയിരിക്കും നടത്തുക. മുംബൈയിൽനിന്ന് ഇൻഡിഗോ ആഭ്യന്തര സർവീസ് നടത്തുന്ന എല്ലാ വിമാനത്താവളങ്ങളിലേക്കും ബഹ്റൈനിൽനിന്ന് ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയും എന്നതാണ് പുതിയ സെർവീസിന്റെ സവിശേഷത.
മുംബൈ എയർപോർട്ടിൽ ഇറങ്ങി ടെർമിനൽ ഒന്നിൽ നിന്ന് രണ്ടിലെത്തിയാണ് ആഭ്യന്തര റൂട്ടുകളിലേക്ക് യാത്ര ചെയ്യേണ്ടത്. യാത്രക്കാർ ഹാൻഡ് ബാഗേജ് മാത്രം കൈവശം എടുത്താൽ മതിയാകുമെന്നും, ചെക്ക് ഇൻ ബാഗേജ് എയർലൈൻസ് തന്നെ ആഭ്യന്തര വിമാനത്തിൽ കയറ്റുമെന്നും അധികൃതർ അറിയിച്ചു. ഇന്ത്യയിൽനിന്ന് ബഹ്റൈനിലേക്ക് വരുമ്പോൾ മുംബൈയിലായിരിക്കും യാത്രക്കാരുടെ എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുക. വേൾഡ് ട്രാവൽ സർവീസ് ആണ് ബഹ്റൈനിലെ ഇൻഡിഗോയുടെ ജനറൽ സെയിൽസ് ഏജന്‍റ്.