ദക്ഷിണ ചൈനാക്കടലിലെ തര്ക്കദ്വീപിനരികെ അമേരിക്കയുടെ യുദ്ധക്കപ്പൽ

ദക്ഷിണ ചൈനാക്കടലിൽ ചൈനയുടെ നിയന്ത്രണത്തിലുള്ള ദ്വീപിനടുത്ത് യുഎസ് നാവികസേനയുടെ യുദ്ധക്കപ്പലെത്തി. നയതന്ത്രപ്രാധാന്യമുള്ള സമുദ്രപാതയുടെ സ്വാതന്ത്ര്യം ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള നടപടിയെന്നാണ് അമേരിക്ക ഇതിനെ വിശേഷിപ്പിച്ചത്.യുഎസ്എസ് ബെൻഫോൾഡ് എന്ന കപ്പലാണു പാരാസെൽ ദ്വീപിനെ കടന്നു ദക്ഷിണ ചൈനാക്കടലിലെത്തിയതെന്ന് ഏഴാം കപ്പൽപ്പട പത്രക്കുറിപ്പിൽ അറിയിച്ചു. ഇന്തോ-പസഫിക് മേഖലയിൽ സ്വാധീനം നിലനിർത്താനുള്ള അമേരിക്കൻശ്രമങ്ങളുടെ ഭാഗമാണ് ഈ നടപടിയെന്നു കരുതപ്പെടുന്നു. അടുത്തിടെ ചൈന ഈ മേഖലയിൽ നിയന്ത്രണം വർധിപ്പിക്കുന്നതു കണക്കിലെടുത്താണ് അമേരിക്കയുടെ പുതിയ നീക്കം.
അമേരിക്കൻ കപ്പലിന്‍റെ നീക്കം തിരിച്ചറിഞ്ഞ ചൈനയുടെ സതേണ്‍ തിയറ്റർ കമാൻഡ് ഉടൻതന്നെ സമുദ്രാതിർത്തിയിൽനിന്നു പുറത്തുപോകാൻ ആവശ്യപ്പെട്ടു.ദക്ഷിണ ചൈനാക്കടലിലെ സമുദ്രപാതയുടെ ഉടമസ്ഥത ഏറെക്കാലമായി ചൈന അവകാശപ്പെടുന്നതാണ്. ഈ പാതയിലൂടെ പ്രതിവർഷം അഞ്ചു ട്രില്യൻ ഡോളറിന്‍റെ ചരക്കുനീക്കം നടക്കുന്നുണ്ടെന്നാണു കണക്ക്. കൂടാതെ, ഏറെ മത്സ്യസന്പത്തും സമുദ്രാന്തര ധാതുശേഖരവും ഈ മേഖലയിലുണ്ട്. ഫിലിപ്പൈൻസ്, ബൂണൈ, മലേഷ്യ, വിയറ്റ്നാം, തായ്‌വാൻ തുടങ്ങിയ രാജ്യങ്ങളും ഈ മേഖലയ്ക്കുമേൽ അവകാശവാദം ഉന്നയിക്കുന്നുണ്ട്.
മേഖലയിൽ ചൈന സ്വാധീനം വർധിപ്പിക്കുന്നതു തിരിച്ചറിഞ്ഞ് അമേരിക്ക നേരത്തേതന്നെ പ്രതിരോധനടപടികൾ ആരംഭിച്ചിരുന്നു. യുഎസ്എസ് റൊണാൾഡ് റീഗൻ എന്ന യുദ്ധക്കപ്പൽ അമേരിക്ക ദക്ഷിണ ചൈനാക്കടലിൽ വിന്യസിച്ചിട്ടുണ്ട്. കൂടാതെ, യുഎസ്എസ് ആന്‍റീറ്റം, യുഎസ്എസ് ഹിഗ്ഗിൻസ് എന്നീ കപ്പലുകളും ഈ മേഖലയിലുണ്ട്.ദക്ഷിണ ചൈനാക്കടലിലെ തർക്കഭാഗത്ത് അമേരിക്ക അവകാശവാദം ഉന്നയിച്ചിട്ടില്ല. എന്നാൽ, പതിറ്റാണ്ടുകളായി അമേരിക്കയുടെ യുദ്ധക്കപ്പലുകളും ജെറ്റ് വിമാനങ്ങളും ഇവിടെ പട്രോളിംഗ് നടത്തുന്നുണ്ട്. ഏഷ്യയുടെ തർക്കവിഷയത്തിൽ അമേരിക്ക ഇടപെടേണ്ടെന്നും വേഗം സ്ഥലംവിടണമെന്നുമാണു ചൈനയുടെ നിലപാട്.