അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡന് ഉപരോധം എർപ്പെടുത്തി പുടിൻ
അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡനും 13 അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥർക്കും ഉപരോധം ഏർപ്പെടുത്തി റഷ്യ. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കൻ, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർക്കാണ് റഷ്യയിൽ പ്രവേശിക്കുന്നതിന് ഉപരോധം ഏർപ്പെടുത്തിയതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. യുക്രൈനിൽ യുദ്ധം നടത്തുന്നതിന് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിനും വിദേശകാര്യ മന്ത്രി സെർജി ലാവ്റോവിനും അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായാണ് റഷ്യയുടെ നടപടി. എന്നാൽ റഷ്യയും അമേരിക്കയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങൾക്ക് ഉപരോധമോ വിലക്കുകളോ ബാധകമാകില്ലെന്നും റഷ്യ അറിയിച്ചു.
അതേസമയം, റഷ്യ−യുക്രൈൻ യുദ്ധം ഇരുപതാം ദിവസത്തിലേക്ക് കടക്കുമ്പോഴും റഷ്യൻ ആക്രമണം ശമനമില്ലാതെ തുടരുകയാണ്. അതിനിടെ നാറ്റോയിൽ തങ്ങൾ അംഗമാവില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കി അറിയിച്ചു. സൈനിക മേധാവികളുടെ യോഗത്തിലാണ് സെലെൻസ്‌കി നിലപാട് വ്യക്തമാക്കിയത്. യുക്രെയ്ൻ നാറ്റോയിൽ അംഗമാകരുതെന്നായിരുന്നു റഷ്യയുടെ പ്രധാന ആവശ്യം.

