റഷ്യൻ സേനയെ ചെറുക്കാൻ യുക്രെയ്നിലേക്ക് ഇല്ലെന്ന നിലപാടിലുറച്ച് അമേരിക്ക
റഷ്യൻ സേനയെ ചെറുക്കാൻ യുക്രെയ്നിലേക്ക് ഇല്ലെന്ന് ആവർത്തിച്ച് അമേരിക്ക. എന്നാൽ അമേരിക്ക യുക്രെയ്ൻ ജനതയ്ക്കൊപ്പമാണെന്നും പ്രസിഡന്‍റ് ജോ ബൈഡൻ. വാഷിംഗ്ടണിൽ പാർലമെന്‍റിൽ നടത്തിയ പ്രസംഗത്തിലാണ് ബൈഡൻ ഇക്കാര്യം പറഞ്ഞത്. റഷ്യൻ ആക്രമണത്തെ അപലപിച്ച പ്രസിഡന്‍റ് യുക്രെയ്ൻ അധിനിവേശത്തിന് വ്ലാദിമിർ പുടിൻ മാത്രമാണ് ഉത്തരവാദിയെന്നും ആരോപിച്ചു. ദീർഘകാലാടിസ്ഥാനത്തിൽ റഷ്യ വലിയ വില നൽകേണ്ടി വരുമെന്നും ബൈഡൻ മുന്നറിയിപ്പ് നൽകി.
റഷ്യ പ്രകോപനമില്ലാതെയാണ് ആക്രമിച്ചത്. മുൻകൂട്ടി ആസൂത്രണം ചെയ്തതും പ്രകോപനമില്ലാത്തതുമായ ആക്രമണമായിരുന്നു യുക്രെയ്നുമേൽ റഷ്യ നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോക സ്വാതന്ത്ര്യത്തിന്‍റെ അടിത്തറ ഇളക്കാൻ ശ്രമിച്ച പുടിൻ, ഉപരോധത്തോടെ ഒറ്റപ്പെട്ടു. അമേരിക്കൻ വ്യോമപാതയിൽ റഷ്യൻ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതായും ബൈഡൻ പറഞ്ഞു.

