ഖാംനഈയുടെ സംസ്കാര ചടങ്ങിൽ ഇന്ത്യയിൽ നിന്ന് ഉന്നതല പ്രതിനിധി സംഘം പങ്കെടുക്കും
ഷീബ വിജയൻ
ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുല്ല സയ്യിദ് അലി ഖാംനഈയുടെ സംസ്കാര ചടങ്ങുകളിൽ ഇന്ത്യയുടെ ഉന്നതല പ്രതിനിധി സംഘം പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിറ്റ, ബിഹാർ ഗവർണർ സെയ്ദ് അതാ ഹസ്‌നൈൻ എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് ഔദ്യോഗിക സംസ്കാര ചടങ്ങുകളിലും അനുസ്മരണ പരിപാടികളിലും സംബന്ധിക്കുക. ഖാംനഈയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് ക്ഷണിച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സംസ്കാര ചടങ്ങുകൾ ജൂലൈ 4ന് ആരംഭിച്ച്, അദ്ദേഹത്തിന്റെ ജന്മനാടായ വടക്കുകിഴക്കൻ വിശുദ്ധ നഗരമായ മഷ്ഹദിൽ ജൂലൈ 9ന് നടക്കുന്ന ഔദ്യോഗിക ഖബറടക്കത്തോടെ സമാപിക്കും. രാജ്യത്തുടനീളം വിവിധ ദിവസങ്ങളിലായി നടക്കുന്ന ചടങ്ങുകളിൽ ഏകദേശം രണ്ട് കോടിയോളം ആളുകൾ പങ്കെടുക്കുമെന്നാണ് ഇറാനിയൻ അധികൃതർ കണക്കുകൂട്ടുന്നത്. അലി ഖാംനഈയുടെ മരണത്തിൽ ഇന്ത്യ നേരത്തെ തന്നെ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തിയിരുന്നു. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഡൽഹിയിലെ ഇറാൻ എംബസി നേരിട്ട് സന്ദർശിച്ച് ഇന്ത്യൻ സർക്കാരിന് വേണ്ടി അനുശോചന പുസ്തകത്തിൽ ഒപ്പുവെക്കുകയും ചെയ്തിരുന്നു. അലി ഖാംനഈയുടെ സംസ്കാര ചടങ്ങ് നടക്കുന്ന തീയതിയെക്കുറിച്ച് നേരത്തെ നിരവധി ഊഹാപോഹങ്ങൾ നിലനിന്നിരുന്നു. ജൂൺ അവസാനത്തോടെ ഖബറടക്കം ഉണ്ടായേക്കുമെന്നാണ് ആദ്യ റിപ്പോർട്ടുകൾ വന്നിരുന്നതെങ്കിലും ചടങ്ങുകൾ ജൂലൈയിലായിരിക്കുമെന്ന് പിന്നീട് ഔദ്യോഗിക മാധ്യമങ്ങൾ സ്ഥിരീകരിക്കുകയായിരുന്നു. തെഹ്‌റാനിൽ ഇസ്രായേലും യു.എസും സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിന്റെ ആദ്യ ദിനമായ ഫെബ്രുവരി 28നാണ് 86 കാരനായ ഖാംനഈ കൊല്ലപ്പെട്ടത്. ഇസ്‍ലാമിക് റിപ്പബ്ലിക്കിന്റെ പരമോന്നത നേതാവായി നീണ്ട 36 വർഷക്കാലം അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. മുൻ പരമോന്നത നേതാവിന്റെ സംസ്കാര ചടങ്ങുകളുടെ ഭാഗമായി ജൂലൈ 7ന് തെഹ്‌റാന് തെക്കുള്ള മറ്റൊരു വിശുദ്ധ നഗരമായ ഖോമിലും പ്രത്യേക ചടങ്ങുകൾ നടക്കുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
assa

