"ഞങ്ങളെ ഒറ്റപ്പെടുത്തരുതേ..': യാത്രാവിലക്കുകൾ പിൻവലിക്കണമെന്ന് ദക്ഷിണാഫ്രിക്ക

ജോഹന്നാസ്ബർഗ്: കോവിഡ് വൈറസിന്‍റെ പുതിയ വകഭേദം ഒമിക്രോൺ കണ്ടെത്തിയതിനെത്തുടർന്ന്, വിവിധ രാജ്യങ്ങൾ ദക്ഷിണാഫ്രിക്കയിൽനിന്നുള്ളവർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയതിനെ അപലപിച്ച് ദക്ഷിണാഫ്രിക്കൻ പ്രസിഡന്‍റ് സിറിൽ റമാഫോസ. തങ്ങളുടെ രാജ്യത്തെ ഒറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും ഈ നടപടികളിൽ കടുത്ത നിരാശയുണ്ടെന്നും റമാഫോസ പറഞ്ഞു. അടിയന്തരമായി നിരോധനങ്ങൾ പിൻവലിക്കണമെന്നും ലോകരാജ്യങ്ങൾ ആഫ്രിക്കയ്ക്കൊപ്പം നിലകൊള്ളണമെന്നും റമാഫോസ ആവശ്യപ്പെട്ടു. ഒമിക്രോൺ ഭീഷണിയെ തുടർന്ന് 18 രാജ്യങ്ങളാണ് ദക്ഷിണാഫ്രിക്കയിൽനിന്നു യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. കോവിഡ് 19 ബി.1.1.529 വകഭേദം ദക്ഷിണാഫ്രിക്കയിലെ ഗോട്ടെംഗ് പ്രവിശ്യയിലാണു കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് ലോകാരോഗ്യസംഘടന പുതിയ വകഭേദത്തിന് ഒമിക്രോൺ എന്നു പേരിട്ടത്. വൈറസ് മാരകമാണോ എന്നതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതിനു മുന്പ് 18 രാജ്യങ്ങൾ യാത്രാവിലക്ക് ഏർപ്പെടുത്തുകയായിരുന്നെന്ന് ദക്ഷിണാഫ്രിക്കൻ മെഡിക്കൽ അസോസിയേഷൻ ചെയർമാൻ ഏഞ്ചലിക്ക് കോട്‌സി കുറ്റപ്പെടുത്തി.