അഫ്ഗാൻ അഭയാർത്ഥികൾക്ക് മുന്നിൽ അതിർത്തി.യിൽ വേലികെട്ടി പാകിസ്ഥാനും താലിബാനും
കാബൂൾ: അഫ്ഗാനിസ്ഥാൻ താലിബാൻ കീഴടക്കിയതിന് പിന്നാലെ സർക്കാർ അനുമതിയില്ലാതെ പ്രവേശിക്കാൻ കഴിയാത്തവിധം അഫ്ഗാൻ അഭയാർഥികൾക്ക് മുന്പിൽ വേലിക്കെട്ട് തീർത്തിരിക്കുകയാണ് പാക്കിസ്ഥാൻ. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിലുള്ള ഒരു പ്രധാന വ്യാപാര, ഗതാഗത മാർഗമാണ് ടോർഖാം അതിർത്തി. പതിറ്റാണ്ടുകളായി പാക്കിസ്ഥാനിലേക്കുള്ള അഭയാർത്ഥി പ്രവാഹത്തിന്‍റെ പ്രധാന കവാടമാണ് ടോർഖാം. കുറച്ച് നാൾ മുന്പ് വരെ ടോർഖാം അതിർത്തിയിലൂടെ 6,000−7,000 ആളുകൾ പാക്കിസ്ഥാനിലേക്ക് എത്തിയിരുന്നു. എന്നാൽ ഇപ്പോൾ നൂറിൽ താഴെ ആളുകൾ മാത്രമാണ് അതിർത്തിയിലൂടെ അപ്പുറത്തേക്ക് കടക്കുന്നത്.
അതിർത്തി കടന്ന് രക്ഷപെടാനുള്ള അഫ്ഗാൻ അഭയാർത്ഥികളുടെ നീക്കങ്ങൾ തിരിച്ചടിയാണിത്. ഭീതിയിൽ രാജ്യംവിടുന്ന അഫ്ഗാൻ പൗരന്മാർക്കുമുന്പിൽ ബ്രിട്ടൻ, കാനഡ, ജർമനി തുടങ്ങിയ രാജ്യങ്ങൾ അതിർത്തി തുറന്നിട്ടുണ്ട്. അഞ്ചുവർഷത്തെ പുനരധിവാസപദ്ധതിപ്രകാരം 20,000 അഫ്ഗാനികൾക്ക് അഭയം നൽകുമെന്ന് ബ്രിട്ടൻ പറഞ്ഞു. അഭയാർഥിപദ്ധതിയിൽ സ്ത്രീകൾ, കുട്ടികൾ, മതന്യൂനപക്ഷങ്ങൾ എന്നിവർക്ക് മുൻഗണന നൽകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രഖ്യാപിച്ചിട്ടുണ്ട്. ഓസ്‌ട്രേലിയ, ഉസ്ബെക്കിസ്ഥാൻ അടക്കമുള്ള രാജ്യങ്ങൾ അഭയാർത്ഥികളെ സ്വീകരിക്കുന്നതിൽ വിമുഖത അറിയിച്ചു. അഭയാർത്ഥിപ്രവാഹം കണക്കിലെടുത്ത് തുർക്കി, ഇറാൻ അതിർത്തിയിൽ പട്രോളിംഗ് കർശനമാക്കിയിരിക്കുകയാണ്. കൂടുതൽ സൈനികരെ അതിർത്തിയിലേക്കയച്ചു.


