ഭീകരർക്കെതിരെ അമേരിക്കയും ബ്രിട്ടനും
വാഷിംഗ്ടൺ: ഏഷ്യൻ മേഖലയിലെ ഭീകരർക്കെതിരെ ഒന്നിച്ചു നീങ്ങാൻ അമേരിക്കയും ബ്രിട്ടനും . ഇരുരാജ്യങ്ങളുടേയും സുരക്ഷാ ഉപദേഷ്ടാക്കളാണ് ഏഷ്യൻ മേഖലയിലെ മാറിയ സാഹചര്യം വിലയിരുത്തിയത്. അമേരിക്കൻ ഭരണകൂടം ഭീകരതയ്‌ക്കെതിരെ ശക്തമായിത്തന്നെ നീങ്ങുമെന്ന സൂചനയാണ് പ്രതിരോധ വിദഗ്ധർ നൽകുന്നത്.
അഫ്ഗാൻ വിഷയവും മ്യാൻമറിലെ സൈനിക ഭരണകൂടവിഷയങ്ങൾക്കൊപ്പം ചൈനയുടേയും ഇറാന്റേയും സമീപനങ്ങളും ഇരുവരും വിശകലനം നടത്തി. അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുല്ലിവനും ബ്രിട്ടന്റെ സ്റ്റെഫാൻ ലവ്‌ഗ്രോവുമാണ് ചർച്ച നടത്തിയത്. നാളെ നടക്കാനിരിക്കുന്ന ജി7 ഉച്ചകോടിക്ക് മുന്നോടിയായിട്ടാണ് ചർച്ചകൾ നടന്നത്. ഏഷ്യൻ മേഖലയിലെ ഭീകരതയ്‌ക്കെതിരെ അമേരിക്കയുടെ നയം കടുക്കുമെന്ന സൂചനയാണ് ചർച്ചകൾ സൂചിപ്പിക്കുന്നത്.
ട്രംപിന്റെ കാലാവധി അവസാനിച്ച കഴിഞ്ഞവർഷം അമേരിക്ക നയിക്കുന്ന സഖ്യസേനയുടെ കരുത്തിൽ വിള്ളൽവീഴ്ത്തിയിരുന്നു. അഫ്ഗാനിൽ നിന്ന് ഭൂരിപക്ഷം സേനാംഗങ്ങളേയും ട്രംപ് പിൻവലിച്ചതിനോട് മറ്റ് രാജ്യങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ജോ ബൈഡനും അഫ്ഗാനിലെ അമേരിക്കൻ സൈന്യത്തിന്റെ സാന്നിദ്ധ്യം അനിവാര്യമാണെന്നും പ്രസ്താവന നടത്തി. ഇതിന്റെ ചുവടുപിടിച്ചാണ് ഇറാൻ, അഫ്ഗാൻ, മ്യാൻമർ,ചൈന എന്നീ രാജ്യങ്ങളെ ലക്ഷ്യമാക്കി സുരക്ഷാ ദൃഷ്ടിയിലെ ചർച്ച ബ്രിട്ടനുമൊത്ത് നടത്തിയിരിക്കുന്നത്.

