കടിച്ചുതൂങ്ങാൻ താല്പര്യമില്ല, സംഘടനയെ കോടതി കയറ്റില്ല; 'അമ്മ' അഡ്‌ഹോക് കമ്മിറ്റിയിൽ നിന്ന് രമേഷ് പിഷാരടി രാജിവെച്ചു
ഷീബ വിജയൻ
കോടതിയുടെ വിലക്ക് വന്നതിന് പിന്നാലെ താരസംഘടനയായ 'അമ്മ'യുടെ അഡ്‌ഹോക് കമ്മിറ്റി കൺവീനർ സ്ഥാനത്ത് നിന്ന് നടനും എംഎൽഎയുമായ രമേഷ് പിഷാരടി രാജിവെച്ചു. അഡ്‌ഹോക് കമ്മിറ്റിയുടെ പ്രവർത്തനങ്ങൾക്ക് എറണാകുളം മുൻസിഫ് കോടതി സ്റ്റേ ഏർപ്പെടുത്തിയതിനെ തുടർന്നാണ് അദ്ദേഹം രാജി പ്രഖ്യാപിച്ചത്. 32 വർഷമായി പ്രവർത്തിക്കുന്ന സംഘടനയെ കോടതി കയറ്റാൻ തനിക്ക് ആഗ്രഹമില്ലെന്നും കോടതി വിധി പൂർണ്ണമായും മാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ധാർമിക ഉത്തരവാദിത്തം കണക്കിലെടുത്താണ് രാജി വെക്കുന്നതെന്നും അധികാരത്തിൽ കടിച്ചുതൂങ്ങാൻ താല്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ശ്വേതാ മേനോൻ നൽകിയ ഹർജിയിലാണ് പഴയ കമ്മിറ്റിക്ക് തന്നെ തുടരാമെന്നും അഡ്‌ഹോക് കമ്മിറ്റിക്ക് വിലക്കേർപ്പെടുത്തുകയാണെന്നും കോടതി ഉത്തരവിട്ടത്. ഇതിന് പിന്നാലെയാണ് വിമത നടിമാർ നാളെ പത്രസമ്മേളനം വിളിച്ചത്.
അമ്മയുടെ ജനറൽ ബോഡി യോഗത്തിൽ ഭരണസമിതി അംഗങ്ങളെല്ലാം രാജിവെക്കുകയും, പ്രസിഡന്റ് ശ്വേതാ മേനോൻ പ്രാഥമിക അംഗത്വത്തിൽ നിന്ന് കൂടി രാജി പ്രഖ്യാപിക്കുകയും ചെയ്തതോടെയാണ് ഒരു താൽക്കാലിക കമ്മിറ്റി രൂപീകരിക്കേണ്ടി വന്നതെന്ന് പിഷാരടി വിശദീകരിച്ചു. ജഗദീഷിന്റെ അധ്യക്ഷതയിൽ നടന്ന ചർച്ചയിൽ നിന്നാണ് തന്നെ അഡ്‌ഹോക് കമ്മിറ്റി കൺവീനറായി തിരഞ്ഞെടുത്തത്. എന്നാൽ പ്രാഥമിക അംഗത്വത്തിൽ നിന്ന് രാജിവെച്ച ഒരാൾക്ക് എങ്ങനെയാണ് പ്രസിഡന്റാണെന്ന് അവകാശപ്പെട്ട് കോടതിയിൽ നിന്ന് സ്റ്റേ വാങ്ങാൻ സാധിക്കുകയെന്ന് അദ്ദേഹം ചോദിച്ചു. ഇതിനെതിരെ തനിക്ക് കോടതിയിൽ പോകാമെങ്കിലും അതിന് താല്പര്യമില്ല. താൻ ശ്വേത, മല്ലിക സുകുമാരൻ, ലക്ഷ്മി പ്രിയ, അൻസിബ എന്നിവരുമായി മണിക്കൂറുകളോളം സംസാരിച്ച ഓഡിയോ ലീക്കായതിൽ കടുത്ത വേദനയുണ്ടെന്നും അത് ചോർന്നതല്ല, മറിച്ച് മനപ്പൂർവ്വം റിലീസ് ചെയ്തതാണെന്നും പിഷാരടി ആരോപിച്ചു. വലിയ സൗഹൃദമുള്ള ഒരാൾ തന്നെ ഇത് പുറത്തുവിട്ടതിൽ വ്യക്തിപരമായ വിഷമമുണ്ട്. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
asdaswasdasd

